യുദ്ധത്തെ പിന്തുണച്ചതിന് യൂറോപ്പ് വില നൽകേണ്ടി വരും; വിദേശ ഇടപെടൽ അവസാനിപ്പിക്കണമെന്ന് ഇറാൻ

ടെഹ്‌റാൻ: ഇറാൻ-യു.എസ് സംഘർഷങ്ങളിൽ ഇപ്പോൾ ആശങ്ക പ്രകടിപ്പിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ മുൻപ് സ്വീകരിച്ചത് യുദ്ധക്കുറ്റങ്ങളെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നുവെന്ന് ഇറാന്റെ പരമോന്നത സുരക്ഷാ സമിതി തലവൻ അഹമ്മദ് റെസായ്. യുദ്ധത്തിനും ഭീകരതയ്ക്കും വലിയ വില നൽകേണ്ടി വരുമെന്നും ഇപ്പോൾ ആ വില നൽകേണ്ടത് യൂറോപ്യൻ സർക്കാരുകളാണെന്നും അഹമ്മദ് റെസായ് മുന്നറിയിപ്പ് നൽകി. എക്‌സിലൂടെയായിരുന്നു (ട്വിറ്റർ) അദ്ദേഹത്തിന്റെ രൂക്ഷവിമർശനം.

സയണിസ്റ്റ് ഭരണകൂടം ചെയ്ത ഹീനമായ പ്രവർത്തികളിൽ ഇന്നലെ വരെ അഭിമാനം കൊണ്ടിരുന്ന യൂറോപ്പ്, ഇന്ന് ഇറാനുമായുള്ള യുദ്ധം കാരണം തങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ചാണ് വിലപിക്കുന്നതെന്ന് റെസായ് കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിൽ അമേരിക്ക സമാധാനം കൊണ്ടുവന്നിട്ടില്ലെന്നും മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ വാഷിംഗ്ടണിന് കഴിയില്ലെന്ന് വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷ ബാഹ്യ ഇടപെടലുകളില്ലാതെ ഇവിടുത്തെ രാജ്യങ്ങൾ തന്നെ ഉറപ്പുവരുത്തണമെന്നാണ് ഇറാന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, മേഖലയിൽ വെടിനിർത്തൽ പുനഃസ്ഥാപിക്കുന്നതിനായുള്ള നയതന്ത്ര നീക്കങ്ങൾ ഖത്തറിന്റെ നേതൃത്വത്തിൽ ശക്തമായി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയുടെ മുതിർന്ന ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വെള്ളിയാഴ്ച ടെഹ്‌റാനിലെത്തി ചർച്ചകൾ ആരംഭിച്ചു. നിലച്ചുപോയ യു.എസ്-ഇറാൻ ചർച്ചകൾ പുനരാരംഭിക്കാൻ ലക്ഷ്യമിട്ടാണ് ഖത്തറിന്റെ ഈ ഇടപെടൽ. നേരത്തെ, ചർച്ചകൾ പുനരാരംഭിക്കാൻ താല്പര്യപ്പെട്ട് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇറാനിയൻ സുരക്ഷാ മേധാവി മൊഹ്സെൻ റെസായിക്ക് കത്തയച്ചതായി ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര നീക്കങ്ങൾ വേഗത്തിലായത്.

Related Articles

- Advertisement -spot_img

Latest Articles