ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ച കേസ്: പ്രധാന പ്രതികൾ വിദേശത്തേക്ക് രക്ഷപ്പെട്ടു; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

കോഴിക്കോട്: ഏറെ വിവാദമായ ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ച കേസിലെ പ്രധാന പ്രതികളായ കുന്നുമ്മൽ അബ്ദുൽ റസാഖ് (റോട്ടാന റസാഖ്), സഹോദരൻ കുന്നുമ്മൽ ഹസൻ (അസൈനാർ) എന്നിവർ വിദേശത്തേക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച ഇരുവരും ഖത്തറിലെത്തിയതായാണ് വിവരം. പ്രതികൾ രാജ്യം വിട്ടതിന് ശേഷമാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസിലെ പ്രതിപ്പട്ടികയിൽ തങ്ങൾ ഉൾപ്പെടുമെന്ന് സൂചന ലഭിച്ചതോടെയാണ് നാട്ടിലുണ്ടായിരുന്ന ഇരുവരും വിദേശത്തേക്ക് കടന്നത്.

കേസിലെ ഗൂഢാലോചനയുടെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന കമറുദ്ദീൻ പയ്യോളിയും നിലവിൽ ഖത്തറിലാണുള്ളത്. കവർച്ചയിൽ പേര് ഉയർന്നതോടെ റോട്ടാന റസാഖിനെ മുസ്ലിം ലീഗിന്റെയും കെ.എം.സി.സി ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സംസ്ഥാന നേതൃത്വം നേരത്തെ പുറത്താക്കിയിരുന്നു. ഓഫിസ് കവർച്ചയ്ക്ക് പിന്നിൽ സംഘടനയ്ക്കുള്ളിലെ തന്നെയ ചിലരാണെന്ന് കേസിൽ അറസ്റ്റിലായ ബാലകൃഷ്ണൻ പൊലീസിന് മൊഴി നൽകിയതോടെയാണ് ലീഗ് നേതൃത്വം പ്രതിരോധത്തിലായത്.

തനിക്ക് ജോലി വാഗ്ദാനം ചെയ്താണ് ഖത്തറിലേക്ക് കൊണ്ടുപോയതെന്നും തുടർന്ന് കെ.എം.സി.സി ഓഫിസിലെ സ്‌ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് കേസിൽ കീഴടങ്ങിയ കൊയിലാണ്ടിയിലെ പ്രാദേശിക ബി.ജെ.പി നേതാവും വെൽഡിങ് തൊഴിലാളിയുമായ ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. കേസിൽ വിദേശത്തേക്ക് കടന്ന പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles