കൊച്ചി : എറണാകുളം മഹാരാജാസ് കോളജ് ബിരുദദാന ചടങ്ങിൽ എസ്.എഫ്.ഐ സമരം നടത്തിയ സംഭവത്തിൽ തനിക്കെതിരെ വിമർശനമുന്നയിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. പിണറായിയുടെ മുൻകാല നിലപാടുകളെയും പ്രതിഷേധങ്ങളോടുള്ള സമീപനത്തെയും രൂക്ഷമായ ഭാഷയിൽ പരിഹസിച്ചുകൊണ്ടാണ് മന്ത്രി ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. പ്രതിഷേധക്കാരെ ആട്ടിയോടിക്കുന്നതിന് പകരം ജനാധിപത്യത്തിന്റെ ഭാഷയിൽ പ്രതികരിക്കാനാണ് തനിക്ക് അറിയാവുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
“അല്ലയോ പ്രതിപക്ഷ നേതാവേ, എന്റെ ഭാഗത്തും തെറ്റുണ്ട്. അങ്ങ് പറഞ്ഞത് പോലെ ‘കടക്ക് പുറത്ത്’ എന്നോ, വീട്ടിൽ പോയി ചോദിക്കാനോ പറഞ്ഞ് പ്രതിഷേധക്കാരെ ആട്ടിവിട്ട് ഉന്നതമായ ജനാധിപത്യബോധം ഞാനും കാണിക്കണമായിരുന്നു. അതല്ലെങ്കിൽ ചെടിച്ചട്ടിയോ ഹെൽമറ്റോ നൽകി ആളുകളെക്കൊണ്ട് ‘രക്ഷാപ്രവർത്തനം’ നടത്തിച്ച് മനുഷ്യത്വം ഉയർത്തിപ്പിടിക്കണമായിരുന്നു. അതുമല്ലെങ്കിൽ കറുത്ത ബാനറിനും വസ്ത്രങ്ങൾക്കും നിരോധനം ഏർപ്പെടുത്തണമായിരുന്നു. മുദ്രാവാക്യം വിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല, എനിക്ക് ജനാധിപത്യത്തിന്റെ ഭാഷയെ വശമുള്ളൂ,” എന്നായിരുന്നു റോജി എം. ജോണിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
അതേസമയം, മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങ് അലങ്കോലമാക്കിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മന്ത്രിയെ തടഞ്ഞ എസ്.എഫ്.ഐ നടപടിക്ക് ഒരു ന്യായീകരണവുമില്ലെന്നും, വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ഏറെക്കാലത്തെ സ്വപ്നമാണ് മിനിറ്റുകൾ കൊണ്ട് തകർത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങ് തടസ്സപ്പെടുത്തിയതിന് എസ്.എഫ്.ഐ പൊതുസമൂഹത്തോടും വിദ്യാർത്ഥികളോടും അവരുടെ കുടുംബങ്ങളോടും മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



