റിയാദ്: മുൻകരുതൽ നടപടികളുടെ ഭാഗമായി നവംബർ 10 ചൊവ്വാഴ്ച മുതൽ റിയാദിലെ സ്കൂളുകളിലെ നേരിട്ടുള്ള പഠന ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ച് പഠനം പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റിയതായി സൗദി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭരണനിർവ്വഹണ വിഭാഗത്തിലെ ജീവനക്കാർക്കും ഇത് ബാധകമായിരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
‘മദ്റസതീ’ പ്ലാറ്റ്ഫോമും മറ്റ് അംഗീകൃത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളും വഴിയായിരിക്കും ഓൺലൈൻ ക്ലാസുകൾ നടക്കുക. മാതാപിതാക്കൾക്ക് അയച്ച ഔദ്യോഗിക അറിയിപ്പിലൂടെയാണ് ഈ തീരുമാനം പുറത്തിറക്കിയിട്ടുള്ളത്. വരും ദിവസങ്ങളിലെ കൂടുതൽ വിവരങ്ങളും തുടർനിർദ്ദേശങ്ങളും പിന്നീട് അറിയിക്കുമെന്നും വിദ്യാർത്ഥികളുടെ പഠന കാര്യങ്ങളിൽ രക്ഷിതാക്കൾ കാണിക്കുന്ന ശ്രദ്ധയ്ക്കും സഹകരണത്തിനും നന്ദി അറിയിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് റിയാദിലെ പ്രധാന ഇന്ത്യൻ സ്കൂളുകളൂം ഓൺ ലൈൻ ക്ളാസുകൾ പുനഃക്രമീകരിച്ചു കൊണ്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഓൺലൈനിൽ തന്നെയായിരിക്കും ക്ളാസുകൾ നടക്കുക.



