റിയാദ്: 18 വയസ്സ് തികയാത്തവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതും നൽകുന്നതും കർശനമായി നിരോധിച്ചതായി സൗദി മുൻസിപ്പാലിറ്റീസ് ആൻഡ് ഹൗസിംഗ് മന്ത്രാലയം അറിയിച്ചു. പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന പ്രത്യേക കടകളിലോ പുകവലിക്കാനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ഥലങ്ങളിലോ 18 വയസ്സിൽ താഴെയുള്ളവരെ പ്രവേശിപ്പിക്കുന്നതിനും വിലക്കുണ്ട്. നിയമലംഘനം തടയുന്നതിനായി ഉപഭോക്താക്കളുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിക്കാൻ വിൽപ്പനക്കാർക്ക് അധികാരമുണ്ടായിരിക്കും.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് നഗരസഭയുടെ തരംതിരിവ് അനുസരിച്ച് ഓരോ നിയമലംഘനത്തിനും 5,000 റിയാൽ (ഏകദേശം 1,300 ഡോളർ) വരെ പിഴ ചുമത്തും. ഇവ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമലംഘനം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകുകയും സ്ഥാപനം അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്യും.
പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളിൽ പുകവലിയുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡുകളും 18 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനവും വിൽപ്പനയും നിരോധിച്ചിട്ടുണ്ടെന്ന വിവരവും വ്യക്തമായി പ്രദർശിപ്പിക്കണം. ഒറ്റപ്പെട്ട സിഗരറ്റുകളുടെ വിൽപ്പന, സൗജന്യ സമ്മാനങ്ങളായോ സാമ്പിളുകളായോ നൽകുന്ന പ്രൊമോഷനുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) അംഗീകരിച്ച മാനദണ്ഡങ്ങൾ സ്ഥാപനങ്ങൾ നിർബന്ധമായും പാലിക്കണം. നിയമങ്ങളെക്കുറിച്ച് ജീവനക്കാരെ ബോധവൽക്കരിക്കാനും ലംഘനങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും സ്ഥാപന ഉടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.



