ഗസയിൽ ഇസ്രഈൽ ആക്രമണം ശക്തം; ഒരു കുട്ടിയുള്‍പ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു

ഗസ സിറ്റി: വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്ക് ശേഷവും ഗസയിൽ ഇസ്രഈൽ പ്രതിരോധ സേന നടത്തുന്ന ആക്രമണങ്ങൾ തുടരുന്നു. ഗസയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രഈൽ നടത്തിയ വ്യോമാക്രമണങ്ങളിലും വെടിവെയ്പ്പിലുമായി ഒരു കുട്ടിയുൾപ്പെടെ ഏഴോളം ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗസ സിറ്റിയുടെ തെക്കുകിഴക്കൻ മേഖലയായ അൽ-സെയ്തൂണിലെ ഷെൽട്ടറിന് നേരെ ഇസ്രഈലി ഡ്രോൺ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തു.

കൂടാതെ ദറജ് മേഖലയിൽ വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ മൂന്ന് പേരും, ഖാൻ യൂനുസിൽ സൈന്യത്തിന്റെ വെടിയേറ്റ് ഒരാളും, സബ്ര മേഖലയിൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേരും കൊല്ലപ്പെട്ടതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാറുകൾ നിലവിലിരിക്കെയും ഗസയിൽ ഇസ്രഈൽ നടത്തുന്ന തുടർച്ചയായ നരഹത്യയിൽ ഇതുവരെ 1,600-ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

കടുത്ത മഴയും കൊടുങ്കാറ്റും കാരണം പലായനം ചെയ്യപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങൾ ദുരിതമനുഭവിക്കുന്നതിനിടയിലാണ് ഇസ്രഈൽ തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. കൂടാതെ മാനുഷിക സഹായങ്ങൾ ഗസയിലേക്ക് എത്തിക്കുന്നതും ടെന്റുകളും മൊബൈൽ വീടുകളും കൊണ്ടുപോകുന്നതും ഇസ്രഈൽ സൈന്യം തടയുന്നതായും റിപ്പോർട്ടുകളുണ്ട്. ഗസയുടെ ഭൂരിഭാഗം പ്രദേശങ്ങളും നിലവിൽ ഇസ്രഈൽ നിയന്ത്രണത്തിലാണ്.

Related Articles

- Advertisement -spot_img

Latest Articles