അസം സ്വദേശിയുടെ പേരിൽ അക്കൗണ്ടെടുത്ത് വൻതോതിൽ കൈക്കൂലി; വൈക്കം സി.ഐ വിജിലൻസ് പിടിയിൽ

കോട്ടയം: മണ്ണ് മാഫിയയിൽ നിന്നും ക്രിമിനൽ കേസുകളിലെ പ്രതികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയ കേസിൽ സർക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. വൈക്കം സി.ഐ ആയിരുന്ന മുണ്ടക്കയം വിളനിലം സ്വദേശി പി.എ. ഷമീർഖാനാണ് അറസ്റ്റിലായത്. അസം സ്വദേശിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് യു.പി.ഐ (UPI) വഴി തുക കൈപ്പറ്റിയാണ് ഇയാൾ അനധികൃത പണസമ്പാദനം നടത്തിയത്.

വൈക്കം സി.ഐയായി ചുമതലയേറ്റ ശേഷം ഷമീർഖാൻ ഭീഷണിപ്പെടുത്തി അസം സ്വദേശിയുടെ പേരിൽ സെപ്റ്റംബർ അഞ്ചിന് കാനറ ബാങ്കിൽ അക്കൗണ്ട് തുറപ്പിക്കുകയായിരുന്നു. തുടർന്ന് വൈക്കം സ്വദേശിയായ അരുൺ എന്നയാളുടെ മൊബൈൽ നമ്പറാണ് അക്കൗണ്ടുമായി ബന്ധിപ്പിച്ചത്. ബാങ്ക് പാസ് ബുക്ക്, എ.ടി.എം കാർഡ്, സിം കാർഡ് എന്നിവ കൈവശം വെച്ച സി.ഐ, മണ്ണ് മാഫിയകൾ, ലോറി-ടിപ്പർ-ടോറസ് ഉടമകൾ, ക്രിമിനൽ കേസ് പ്രതികൾ എന്നിവരിൽ നിന്ന് ഈ അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. സെപ്റ്റംബർ അഞ്ച് മുതൽ ഒക്ടോബർ പത്ത് വരെയുള്ള ചുരുങ്ങിയ കാലയളവിൽ 2,27,000 രൂപയാണ് ഈ അക്കൗണ്ടിലെത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 16-ന് സി.ഐയുടെ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് എ.ടി.എം കാർഡും സിം കാർഡും പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൈക്കം, കുറവിലങ്ങാട് ഭാഗങ്ങളിലെ എ.ടി.എമ്മുകളിൽ നിന്ന് സി.ഐ നേരിട്ട് പണം പിൻവലിച്ചതിന്റെ കൃത്യമായ തെളിവുകൾ ലഭിച്ചു. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഇയാളെ നേരത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. മുൻപും നിരവധി കൈക്കൂലി ആരോപണങ്ങൾ നേരിട്ടിട്ടുള്ള ഷമീർഖാനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles

- Advertisement -spot_img

Latest Articles