ടെൽ അവീവ്: ഇറാനെതിരായ പുതിയ സൈനിക നടപടികൾക്ക് തയ്യാറെടുക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകി. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ അടിയന്തര ഭീഷണിയില്ലാത്ത സൈനിക നീക്കങ്ങൾ ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഈ നീക്കം. ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗത്തിലാണ് സൈന്യത്തിന് നിർദേശങ്ങൾ നൽകിയതെന്നും, ഇവ വീണ്ടും ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും ഇസ്രായേൽ പൊതുമാധ്യമമായ കെ.എ.എൻ (KAN) റിപ്പോർട്ട് ചെയ്തു.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സഖ്യം മുന്നേറ്റം നേടിയതിനെത്തുടർന്ന് പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചുമതല ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ അധികാര കൈമാറ്റ കാലയളവിൽ അനാവശ്യ സൈനിക വിന്യാസവും നടപടികളും ഒഴിവാക്കി സംയമനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇറാനിലെ നിലവിലെ ഭരണകൂടം തകരുന്നതുവരെ പോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ് നെതന്യാഹു. ഒക്ടോബർ അഞ്ചിനായിരുന്നു ഇതിനുമുൻപ് സുരക്ഷാ മന്ത്രിസഭ യോഗം ചേർന്നത്.
അതേസമയം, ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ യുദ്ധം പശ്ചിമേഷ്യക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യ മുതൽ യൂറോപ്പ് വരെയുള്ള മേഖലകളിൽ ആക്രമണത്തിന് കൂട്ടുനിൽക്കുന്ന സൈനിക താവളങ്ങൾ ഇറാന്റെ ലക്ഷ്യങ്ങളാകുമെന്ന് ഇറാൻ സുരക്ഷാ മേധാവി മുഹ്സിൻ റെസായി വ്യക്തമാക്കി. ഇതിനിടെ, ഖത്തറിന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ നയതന്ത്ര ചർച്ചകൾക്കുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, ചർച്ചകൾ പരാജയപ്പെട്ടാൽ വീണ്ടും സൈനിക നടപടിക്ക് തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.



