ജില്ലാ ജയിലില്‍ തടവുകാരും ഉദ്യോഗസ്ഥരും ഏറ്റുമുട്ടി; അഞ്ച് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: ജില്ലാ ജയിലില്‍ ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും തമ്മില്‍ ഏറ്റുമുട്ടി. മൂന്നു ജയില്‍ ഉദ്യോഗസ്ഥര്‍ക്കും രണ്ടു തടവുകാര്‍ക്കും പരുക്കേറ്റു. സബ് ജയിലില്‍നിന്നും ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരും ജയില്‍ ഉദ്യോഗസ്ഥരും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്ന്‌വൈകിട്ട് 5 മണിയോടെയാണ് സംഘട്ടനം നടന്നത്.

ജയില്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. സന്ദര്‍ശന സമയം കഴിഞ്ഞതിനെ തുടര്‍ന്ന് പ്രതികളില്‍ ഒരാളുടെ ബന്ധുക്കളെ കാണാന്‍ അനുവദിച്ചിരുന്നില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഏറ്റുമുട്ടുകയുമായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് പാറച്ചാലില്‍ അജിത്ത് വര്‍ഗീസ് (25), കൊണ്ടോട്ടി മുതുവല്ലൂര്‍ പാറകുളങ്ങര ജില്‍ഷാദ് (30) എന്നിവരാണ് ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

സംഘര്‍ഷത്തില്‍ ജയില്‍ ഉദ്യോഗസ്ഥന്മാരായ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ രഞ്ജിഷ്, പ്രദീപ്, നിതിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ ഉദ്യോഗസ്ഥരെയും തടവുകാരെയും ഗവ.ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles