നെടുമ്പാശ്ശേരിയിൽ വൻ ലഹരിവേട്ട; നാല് കിലോ രാസലഹരിയുമായി വിദേശ വനിത പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസും സിയാൽ സുരക്ഷാ വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. നാല് കിലോയോളം വരുന്ന മാരക രാസലഹരിയായ മെത്താക്യുലോണുമായി ടോംഗോ സ്വദേശിനി ലത്തിഫാറ്റു ഔറോ (44) ആണ് അറസ്റ്റിലായത്. ദോഹയിൽ നിന്നും കൊച്ചിയിലെത്തിയ ഇവർ ഡൽഹിയിലേക്ക് പോകാൻ ആഭ്യന്തര ടെർമിനലിൽ കാത്തിരിക്കവെയാണ് പിടിയിലാവുന്നത്. ബാഗിനുള്ളിലെ രഹസ്യ അറകളിൽ രണ്ട് കിലോ വീതമുള്ള രണ്ട് പാക്കറ്റുകളിലായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.

യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സിയാൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി വിശദമായ പരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാജ്യാന്തര വിപണിയിൽ കോടികൾ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ഇതിനുമുൻപും സമാനമായ രീതിയിൽ ഇവർ ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. പിടിക്കപ്പെട്ട യുവതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും.

 

Related Articles

- Advertisement -spot_img

Latest Articles