ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിൽ (ECI) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന വഴിവിട്ട നടപടികൾക്കെതിരെ നിയമപോരാട്ടവും രാഷ്ട്രീയ പ്രക്ഷോഭവും ശക്തമാകുന്നു. മറ്റു രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ എതിർപ്പുകൾ അവഗണിച്ച് ഏകപക്ഷീയമായി കൈക്കൊണ്ട മുഴുവൻ തീരുമാനങ്ങളും അസാധുവാക്കണമെന്നും ഗ്യാനേഷ് കുമാറിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ പൊതുതാൽപ്പര്യ ഹരജി (PIL) ഫയൽ ചെയ്തു.
ഇതിനുപിന്നാലെ, കമ്മീഷനെ പ്രതിക്കൂട്ടിലാക്കി പാർലമെന്റിൽ സി.ഇ.സിക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ വിപുലമായ തയ്യാറെടുപ്പുകളുമായി സംയുക്ത പ്രതിപക്ഷവും രംഗത്തെത്തി. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ, കമ്മീഷന്റെ ഭൂരിപക്ഷ സമ്മതമില്ലാതെ കൈക്കൊണ്ട എല്ലാ ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും സോഫ്റ്റ്‌വെയർ പരിഷ്കാരങ്ങളും ഭരണഘടനാ വിരുദ്ധവും അസാധുവാണെന്നും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) പ്രക്രിയയ്ക്കിടെ 13 കോടിയിലധികം വോട്ടർമാരുടെ പേരുകൾ ഏകപക്ഷീയമായി നീക്കം ചെയ്തതിനെക്കുറിച്ച് ജുഡീഷ്യൽ കമ്മീഷനോ പ്രത്യേക അന്വേഷണ സംഘമോ (SIT) അന്വേഷിക്കണമെന്നും ഹരജിയിൽ പറയുന്നു.
മുതിർന്ന ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ മനീഷ് ഗാർഗ്, ഐ.ടി ഡയറക്ടർ ജനറൽ സീമ ഖന്ന എന്നിവർക്കെതിരെയും അന്വേഷണത്തിന് ആവശ്യമുയർന്നിട്ടുണ്ട്. കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ രേഖാമൂലം നൽകിയ 14 വിയോജിപ്പുകൾ അവഗണിച്ചെന്ന വിവരങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും, അതിന് തയ്യാറായില്ലെങ്കിൽ ലോകസഭയിലും രാജ്യസഭയിലും ഒരുമിച്ച് ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കിക്കഴിഞ്ഞു. വോട്ടർപട്ടിക അട്ടിമറിച്ചതിലൂടെ രാജ്യത്തിന്റെ ജനാധിപത്യപരമായ അടിത്തറ തന്നെയാണ് തകർന്നതെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അന്വേഷണം നേരിടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഭരണഘടനാ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി കോക്രോച്ച് ജനതാ പാർട്ടി (CJP) ഉൾപ്പെടെയുള്ള സംഘടനകൾ കമ്മീഷന് അന്ത്യശാസനം നൽകി. 48 മണിക്കൂറിനകം സി.ഇ.സി സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ ജന്തർ മന്തറിലും രാജ്യവ്യാപകമായും അനിശ്ചിതകാല പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രഖ്യാപിച്ചു. വോട്ടവകാശം നിഷേധിക്കപ്പെട്ട യുവ വോട്ടർമാരെ ഒന്നിച്ചണിനിരത്തി ശക്തമായ ജനകീയ ചെറുത്തുനിൽപ്പിനാണ് രാഷ്ട്രീയ വൃത്തങ്ങൾ പ്ലാൻ ചെയ്യുന്നത്.



