തിരുത്തൽ നടപടി പോരാ, രാജി തന്നെ വേണം: ഗ്യാനേഷ് കുമാറിനെതിരെ സമരം കടുപ്പിക്കാൻ പ്രതിപക്ഷം

ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികളിൽ വലിയ ക്രമക്കേടുകൾ ഉയർന്ന സാഹചര്യത്തിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികളും ബഹുജന പ്രസ്ഥാനങ്ങളും. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തര യോഗം ചേർന്ന് ചില തിരുത്തൽ നടപടികൾ പ്രഖ്യാപിച്ചെങ്കിലും, ഗ്യാനേഷ് കുമാറിന്റെ രാജിയെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

വരും ദിവസങ്ങളിൽ സംയുക്ത പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ ബുധനാഴ്ച ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ യോഗം ചേരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. സി.ജെ.പി ഒക്ടോബർ രണ്ടിന് പ്രതിഷേധവുമായി രംഗത്തിറങ്ങുമ്പോൾ പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് അവർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാർ പദവി രാജിവെക്കുകയോ അദ്ദേഹത്തെ ഇംപീച്ച് ചെയ്യുകയോ വേണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

കമീഷൻ യോഗങ്ങളിൽ അജണ്ടകളോ മിനിറ്റ്സോ സൂക്ഷിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഗ്യാനേഷ് കുമാർ കൈക്കൊണ്ടതെന്ന് മുതിർന്ന അഭിഭാഷകനും രാജ്യസഭ എം.പിയുമായ കപിൽ സിബൽ കുറ്റപ്പെടുത്തി. ഇലക്ട്രോണിക് ഡേറ്റാബേസിന്റെ നിയന്ത്രണം കേന്ദ്രീകരിച്ചതും ഫോം ആറിലെ മാറ്റങ്ങളും വോട്ടർമാരെ കൂട്ടത്തോടെ പുറത്താക്കാൻ ഇടയാക്കിയെന്നും, ‘ഇ.സി.ഐ നെറ്റ്’ നിയന്ത്രിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ, എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്നും വോട്ടർ പട്ടികയിൽനിന്ന് നീക്കിയ യോഗ്യരായ വോട്ടർമാരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രമുഖ വ്യക്തികളടങ്ങുന്ന 2000 പൗരന്മാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്. ഇടത് പാർട്ടികളും യൂത്ത് കോൺഗ്രസും ഡൽഹിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചപ്പോൾ, ഗ്യാനേഷ് കുമാറിന് പിന്തുണയുമായി ചില ഹിന്ദുത്വ സംഘടനകളും മാർച്ചുമായി രംഗത്തെത്തിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles