സയ്യിദ് അലി ബാഫഖി തങ്ങൾ വഫാത്തായി

കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും കാരന്തൂർ മർകസ്സുസ്സഖാഫത്തിസ്സുന്നിയ്യ പ്രസിഡന്റുമായ പ്രമുഖ ആത്മീയ നേതാവ് സയ്യിദ് അലി ബാഫഖി തങ്ങൾ കൊയിലാണ്ടി (88) നിര്യാതനായി. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും മർകസ് ഖൽഫാന്റെയും പ്രസിഡന്റായും നിരവധി മഹല്ലുകളുടെ ഖാളിയായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സമസ്തയുടെ സമുന്നത നേതാവും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ അടുത്ത സഹചാരിയുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ ഇസ്ലാമിക, ആത്മീയ, വിദ്യാഭ്യാസ രംഗങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ്.

1938-ൽ കൊയിലാണ്ടിയിൽ സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായാണ് ജനനം. കൊയിലാണ്ടി മുബാറക് റോഡിലെ വലിയകത്ത് ബംഗ്ലാവിലായിരുന്നു താമസം. തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം, കോഴിക്കോട് വലിയങ്ങാടി പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തിൽ, പട്ടിക്കാട് ജാമിഅഃ നൂരിയ്യ എന്നിവിടങ്ങളിലായിരുന്നു മതപഠനം. അബ്ദുൽ ഖാദിർ മുസ്‌ലിയാർ മാട്ടൂൽ, ഇ.കെ. ഹസൻ മുസ്‌ലിയാർ, ഹാഫിള് മുഹമ്മദ് മുസ്‌ലിയാർ ബേപ്പൂർ, പൊടിയാട് കുഞ്ഞഹമ്മദ് മുസ്‌ലിയാർ, കുറ്റിപ്പുറം അബ്ദുൽഖാദിർ മുസ്‌ലിയാർ, സി.എം. വലിയുല്ലാഹി, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ഇ.കെ. അബൂബക്കർ മുസ്‌ലിയാർ എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാർ. പാണക്കാട് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ, ശിറിയ അലിക്കുഞ്ഞി മുസ്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, അബ്ദുൽ ഖാദിർ ബാഫഖി തങ്ങൾ, സയ്യിദ് ഹുസൈൻ ബാഫഖി എന്നിവർ സഹപാഠികളാണ്.

1978 മുതൽ സംഘടനാ രംഗത്ത് സജീവമായ അദ്ദേഹം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, ഫൈസീസ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. അജ്മീർ ശരീഫ് ജാമിഅ മുഈനിയ്യ നൽകുന്ന സുൽത്വാനുൽ ഹിന്ദ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി കാരന്തൂർ മർകസിന്റെയും സുന്നി പ്രസ്ഥാനത്തിന്റെയും അമരക്കാരനായി പ്രവർത്തിച്ച തങ്ങൾ ലളിതജീവിതവും കാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ജനഹൃദയങ്ങളിൽ ആഴത്തിൽ ഇടംനേടിയ പണ്ഡിതശ്രേഷ്ഠനാണ്.

Related Articles

- Advertisement -spot_img

Latest Articles