ജിദ്ദ ഐ.സി.എഫ് ‘എഡ്യൂ സ്‌കോളർഷിപ്പ്’ പദ്ധതിക്ക് തുടക്കം

ജിദ്ദ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF) ജിദ്ദ റീജിയൻ കമ്മിറ്റിയുടെ ‘എഡ്യൂ സ്‌കോളർഷിപ്പ്’ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും പഠനത്തിൽ മികവ് പുലർത്തുന്നതുമായ ബിരുദ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ പദ്ധതി. പ്ലസ് ടുവിന് ശേഷം ബിരുദ കോഴ്‌സുകളിൽ പ്രവേശനം നേടിയ അർഹരായ വിദ്യാർത്ഥികൾക്കാണ് ഉന്നത പഠനത്തിനായുള്ള സഹായം നൽകുന്നത്.

അക്കാദമിക പിന്തുണയ്ക്ക് പുറമെ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനവും ധാർമിക മൂല്യവർദ്ധനവും ലക്ഷ്യമിട്ട് പ്രമുഖർ നയിക്കുന്ന പ്രത്യേക പരിശീലന ക്ലാസുകളും ഈ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, വിദഗ്ദർ അടങ്ങുന്ന പാനൽ നയിക്കുന്ന പേഴ്‌സണൽ മെന്റർഷിപ്പ് സൗകര്യവും വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.

പ്രാഥമിക തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി, യോഗ്യരായ വിദ്യാർത്ഥികൾക്കാണ് പ്രതിമാസ സ്‌കോളർഷിപ്പ് തുക നൽകുക. മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ‘ഹിദായ പാലാഴി’യുടെ സഹകരണത്തോടെയാണ് ഐ.സി.എഫ് ജിദ്ദ ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രവാസി സമൂഹത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടുള്ള ഐ.സി.എഫിന്റെ ബഹുമുഖ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.

അബ്ദുൽ കലാം അഹ്സനിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടനച്ചടങ്ങിൽ യഹ്‌യ ഖലീൽ നൂറാനി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഒമാൻ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും സൈക്യാട്രിസ്റ്റുമായ ഡോ. നൂറുദ്ദീൻ റാസി വിദ്യാർത്ഥികൾക്കായി പരിശീലന ക്ലാസിന് നേതൃത്വം നൽകി.

സമസ്ത കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ മദനി, ഹാമിദ് സഖാഫി, റാഷിദ് സഖാഫി , ഐ.സി.എഫ് നേതാക്കളായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മുജീബ് എ. ആർ. നഗർ, ബഷീർ മാസ്റ്റർ പറവൂർ, ഹസ്സൻ സഖാഫി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സൈദ് മുഹമ്മദ് മാസ്റ്റർ കണ്ണമംഗലം സ്വാഗതവും മൻസൂർ മാസ്റ്റർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles