പാലക്കാട്: പാലക്കാട് പറളിയിൽ 65 വയസ്സുള്ള വൃദ്ധയെ അതിക്രൂരമായി പീഡിപ്പിക്കാനും കൊലപ്പെടുത്താനും ശ്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകൻ പിടിയിൽ. ബി.ജെ.പി സജീവ പ്രവർത്തകനായ കാവശേരി പഞ്ചായത്ത് രണ്ടാം വാർഡ് ബൂത്ത് പ്രസിഡന്റ് പാടൂർ സ്വദേശി സുരേഷ് എന്ന സുരക്കെതിരെയാണ് പോലീസ് കേസെടുത്തത്. വീട്ടിൽ തനിച്ചായിരുന്ന വൃദ്ധയെ അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധിക നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വധശ്രമം, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ ഹേമാംബിക നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. വയോധികയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും കുറ്റവാളിക്ക് അർഹമായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധത്തിനൊരുങ്ങുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.



