അൽ ഖോബാറിൽ കൊല്ലം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

ദമ്മാം: സൗദി അറേബ്യയിലെ അൽ ഖോബാറിൽ മലയാളി പ്രവാസി ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം മൈനാഗപ്പള്ളി ഇടവനശ്ശേരി പുതുവേലിൽ തെക്കതിൽ മുഹമ്മദ് അലി കുഞ്ഞ് (50) ആണ് അന്തരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ തുഖ്‌ബയിൽ സുഹൃത്തുമായി ചേർന്ന് നടത്തിവന്നിരുന്ന ‘ബൂഫിയത്ത് ഫാത്തിമ’ എന്ന ലഘുഭക്ഷണ ശാലയിൽ (ബൂഫിയ) ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആംബുലൻസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യാത്രാമധ്യേ തന്നെ മരണം സംഭവിച്ചു.

കഴിഞ്ഞ 25 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന മുഹമ്മദ് അലി കുഞ്ഞ്,  ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ (ഐ.സി.എഫ്) അംഗമാണ്.  പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ജമീലബീവിയുടെയും മകനാണ് മുഹമ്മദ് അലി കുഞ്ഞ്. സലീനയാണ് ഭാര്യ. മുഹ്സിന, ഷഹാന എന്നിവർ മക്കളാണ്. വിശാലമായ സൗഹൃദവലയമുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തിന് വലിയ നോവായി. മൃതദേഹം നിലവിൽ അൽ ഖോബാർ ദോസ്സരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

 

 

Related Articles

- Advertisement -spot_img

Latest Articles