തീരങ്ങളിൽ ‘കള്ളക്കടൽ’ ജാഗ്രത; തിരുവനന്തപുരത്തും കന്യാകുമാരിയിലും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: കേരള തീരങ്ങളിൽ ‘കള്ളക്കടൽ’ പ്രതിഭാസത്തെത്തുടർന്ന് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിലും കന്യാകുമാരി പ്രദേശത്തുമാണ് പ്രധാനമായും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരപ്രദേശങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ (മെയ് 12) വൈകുന്നേരം 05.30 വരെ 0.7 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ നാളെ വൈകുന്നേരം 05.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടായേക്കാം. ദൂരെയുള്ള സമുദ്രങ്ങളിൽ ഉണ്ടാകുന്ന കാറ്റിന്റെ ഫലമായി രൂപപ്പെടുന്ന ഈ പ്രതിഭാസം തീരങ്ങളിൽ പെട്ടെന്നുള്ള വലിയ തിരമാലകൾക്കും വെള്ളം കയറുന്നതിനും കാരണമാകും.

പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ:

അപകടമേഖലകളിൽ നിന്ന് മാറണം: കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം.

ബീച്ചുകൾ ഒഴിവാക്കുക: ഇൻകോയിസ് (INCOIS) മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം, കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണം.

യാനങ്ങൾ സുരക്ഷിതമാക്കണം: മത്സ്യബന്ധന ബോർട്ടുകളും വള്ളങ്ങളും ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാൻ നിശ്ചിത അകലം പാലിക്കണം.

യാനങ്ങൾ ഇറക്കുന്നത് ഒഴിവാക്കുക: കള്ളക്കടൽ പ്രതിഭാസമുള്ളപ്പോൾ വള്ളങ്ങൾ കടലിലേക്ക് ഇറക്കുന്നതും തിരികെ കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. അതിനാൽ ഈ സമയത്ത് അത്തരം നീക്കങ്ങൾ ഒഴിവാക്കേണ്ടതാണ്.

തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ വരും മണിക്കൂറുകളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും തീരദേശവാസികളോട് നിർദ്ദേശിച്ചിട്ടുണ്ട്

 

Related Articles

- Advertisement -spot_img

Latest Articles