കല്യാണി നായരുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ‘ആംബിവലൻസ്’ ദമ്മാമിൽ പ്രകാശനം ചെയ്തു

ദമ്മാം: സൗദി അറേബ്യയിലെ പ്രമുഖ ഗായിക കല്യാണി നായർ രചിച്ച ഇംഗ്ലീഷ് കവിതാ സമാഹാരമായ ‘ആംബിവലൻസ്’ ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു. സൗദി മലയാളി സമാജം സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങിൽ സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ ജോളി ലോനപ്പൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാഹിത്യപ്രവർത്തന രംഗത്ത് സൗദി മലയാളി സമാജം നടത്തുന്ന നിസ്തുലമായ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനനിബിഢമായ സദസ്സിനെ സാക്ഷിനിർത്തി പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തിയാണ് പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. വ്യവസായിയും കെ.പി.സി.സി മുൻ നിർവ്വാഹക സമിതി അംഗവുമായ അഹമ്മദ് പുളിക്കൽ (വല്യാപ്പുക്ക) പുസ്തകം ഏറ്റുവാങ്ങി. അധ്യാപികയും എഴുത്തുകാരിയുമായ മഞ്ജുഷ ലജിത്ത് പുസ്തകപരിചയം നടത്തി.

കോഴിക്കോട്ടെ ഡെസ്റ്റിനി ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ കൃതി കേവലം അനുഭവങ്ങളോ ചിന്തകളോ ഓർമ്മകളോ മാത്രമല്ല, ജീവിതം തുടിക്കുന്ന വിചാരങ്ങളുടെ അടയാളപ്പെടുത്തൽ കൂടിയാണ്. ഇതിലെ ഓരോ കവിതയും ജീവിതത്തിന്റെ സത്യസന്ധമായ തുറന്നുപറച്ചിലുകളാണ്. തന്റെ കവിതകളുടെ ഹൃദയസ്പന്ദനങ്ങളെ പ്രതിധ്വനിപ്പിക്കുന്ന പുസ്തകത്തിലെ ചിത്രങ്ങൾ കല്യാണി തന്നെയാണ് വരച്ചതെന്നത് ഈ സമാഹാരത്തെ ഏറെ വ്യത്യസ്തമാക്കുന്നു. ചടങ്ങിൽ ഡെസ്റ്റിനി ബുക്ക്സ് ചെയർമാനും സമാജം ദേശീയ പ്രസിഡന്റുമായ മാലിക് മഖ്ബൂൽ പ്രസാധക ഭാഷണം നിർവ്വഹിച്ചു. പ്രവിശ്യയിലെ സാംസ്കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖരായ ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂർ, രഞ്ജിത്ത് വടകര, ഷാജി മതിലകം, ടി.പി. മുഹമ്മദ്, സോഫിയ ഷാജഹാൻ, അപർണ്ണ ശ്രീരാജ്, നജ്മുസമാൻ കുളങ്ങരതൊടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സാംസ്കാരിക രംഗത്തെ പ്രമുഖരായ നാസ് വക്കം, അബ്ദുൽ ഹമീദ്, നിയാസ് ഇ കുട്ടി, ഇ.കെ. സലിം, പ്രദീപ്‌ കൊട്ടിയം, മുഹമ്മദ് നജാത്തി, ആൽബിൻ ജോസഫ്, സുനിൽ മുഹമ്മദ്, ഷബ്‌ന നജീബ്, അഡ്വക്കേറ്റ് ആർ. ഷഹിന, മാത്തുക്കുട്ടി പള്ളിപ്പാട്, സയ്ദ് ഹമദാനി, ലതിക പ്രസാദ്, രശ്മി രാമചന്ദ്രൻ, സുബൈർ ഉദിനൂർ, റഫീഖ് കൂട്ടിലങ്ങാടി തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിനോടനുബന്ധിച്ച് വിവിധ ഉപഹാര സമർപ്പണങ്ങളും നടന്നു. മുഖ്യാതിഥി ഷിബു ചക്രവർത്തിക്കുള്ള സമാജത്തിന്റെ ആദരവ് മുരളി ഊട്ടുകളവും ഗ്രന്ഥകാരിക്കുള്ള സ്നേഹാദരവ് ഷിബു ചക്രവർത്തിയും സമർപ്പിച്ചു. പ്രസാധകരായ ഡെസ്റ്റിനി ബുക്ക്സിനുള്ള ആദരം ഷിബു ചക്രവർത്തിയിൽ നിന്നും ചെയർമാൻ മാലിക് മഖ്ബൂൽ ഏറ്റുവാങ്ങി. കവയിത്രി കല്യാണി നായർ ചടങ്ങിൽ മറുപടി പ്രസംഗം നടത്തി.

സമാജം കുടുംബത്തിലെ ഗായകർ ഷിബു ചക്രവർത്തിയുടെ പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച ഗാനമാലികയും ശ്രദ്ധേയമായ കലാസന്ധ്യയും അരങ്ങേറി. കലാസന്ധ്യയിൽ ഗൗരിനന്ദ, നിഖിൽ മുരളീധരൻ, സിദ്ദിഖ് കായംകുളം, ശ്രീലക്ഷ്മി എന്നിവർ ഗാനങ്ങളും, അൻഹാർ ആസിഫും അനുപമ ഷിബുവും നൃത്തവും അവതരിപ്പിച്ചു. വിസ്മയ സജീഷ് മലയാളി സമാജം അവതരണഗാനത്തിന് മനോഹരമായ നൃത്താവിഷ്കാരം നൽകി. മലയാളി സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുരളീധരൻ, ആസിഫ് താനൂർ, മുഷാൽ തഞ്ചേരി, ഫെബിനാ നജ്മുസമാൻ, ലീന ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, ഹമീദ് കാണിച്ചാട്ടിൽ, ഉണ്ണികൃഷ്ണൻ, ഹുസ്ന ആസിഫ്, സരള ജേക്കബ്, ജോയ് തോമസ്, ശ്രീജിത്ത്‌, ഷിനോജ്, രമാ മുരളി, ചൈതന്യ മാത്യൂ റോക്കി, മുഹമ്മദ് നജീബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമാജം നിർവ്വഹകസമിതിയംഗം ഹുസൈൻ ചമ്പോളിൽ സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കർ നന്ദിയും രേഖപ്പെടുത്തി. ഡോ. അമിത ബഷീർ ചടങ്ങിന്റെ അവതാരകയായിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles