ഡൽഹിയിൽ ഫാക്ടറിയിൽ തീപിടിത്തം: രക്ഷപ്പെടാൻ താഴേക്ക് ചാടിയ ആറ് പേർക്ക് പരിക്ക്

ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ സ്വരൂപ് നഗറിൽ പ്രവർത്തിച്ചിരുന്ന കായിക ഉപകരണ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം. അപകടത്തെ തുടർന്ന് ഉയർന്ന തീയും പുകയും കണ്ട് പരിഭ്രാന്തരായി സമീപത്തെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ ആറ് പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റതെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചു.

സ്വരൂപ് നഗറിൽ ഗോഡൗണും ഫാക്ടറിയും ഒരുമിച്ച് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് പെട്ടെന്ന് തീ പടർന്നുപിടിച്ചത്. ജുഡോ വസ്ത്രങ്ങളും ബോക്സിങ് ഗ്ലൗസുകളും നിർമ്മിക്കുന്ന സ്ഥാപനമായതിനാൽ തീ വേഗത്തിൽ ആളിപ്പടരുകയായിരുന്നു. തൊട്ടടുത്ത കെട്ടിടത്തിലേക്ക് തീയും കറുത്ത പുകയും പടരുന്നത് കണ്ട് ഭയന്ന താമസക്കാർ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് താഴേക്ക് ചാടിയത്. വീഴ്ചയുടെ ആഘാതത്തിലാണ് ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയുടെ കഠിനശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കുകയും സമീപവാസികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. കെട്ടിടത്തിന് വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നും അധികൃതർ അന്വേഷണം ആരംഭിച്ചു.

Related Articles

- Advertisement -spot_img

Latest Articles