സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം: യമൻ സ്വദേശി കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്

ത്വാഇഫ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്ത സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോൺ വ്യോമസേന പ്രതിരോധിച്ച് തകർത്തു. ഡ്രോൺ വായുവിൽ വെച്ച് തകർത്തതിനെ തുടർന്ന് അതിൻ്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ത്വാഇഫ് പ്രവിശ്യയിലാണ് സംഭവം നടന്നതെന്ന് സൗദി സിവിൽ ഡിഫൻസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

അപകടത്തിൽ ഒരു യമൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഒരു സൗദി വനിതയ്ക്കും ഒരു പാകിസ്താൻ പൗരനുമാണ് പരിക്കേറ്റത്. ഇതിൽ പാകിസ്താൻ സ്വദേശിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് പ്രദേശത്തെ നിരവധി കെട്ടിടങ്ങൾക്കും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻതന്നെ സിവിൽ ഡിഫൻസ് സേന സ്ഥലത്തെത്തി ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കാറുള്ള എല്ലാ നിയമാനുസൃത സുരക്ഷാ നടപടികളും പൂർത്തിയാക്കിയതായി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രദേശം സുരക്ഷാസേനയുടെ നിരീക്ഷണത്തിലാണ്.

Related Articles

- Advertisement -spot_img

Latest Articles