കോഴിക്കോട്: ഓണാഘോഷ പരിപാടിക്കിടെ ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് പത്താം ക്ലാസിലെ മുതിർന്ന വിദ്യാർത്ഥിനികളുടെ ക്രൂരമർദ്ദനം. കോഴിക്കോട് കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. കഴിഞ്ഞ ഓഗസ്റ്റ് 21-ന് നടന്ന ഓണാഘോഷ ദിനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കായി നിശ്ചയിച്ചിരുന്ന പ്രത്യേക ഡ്രസ് കോഡ് ഒമ്പതാം ക്ലാസിലെ മൂന്ന് വിദ്യാർത്ഥിനികൾ ധരിച്ചെത്തിയതാണ് ആക്രമണത്തിന് കാരണമായത്. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഹെഡ്മിസ്ട്രസിന് (HM) പരാതി നൽകുമെന്ന് പറഞ്ഞതിന്റെ വൈരാഗ്യത്തിലായിരുന്നു പത്താം ക്ലാസുകാരുടെ മർദ്ദനം.
വിദ്യാർത്ഥിനിയെ അടിവയറ്റിൽ ശക്തമായി ചവിട്ടുകയും മുടിയിൽ പിടിച്ച് ചുമരിൽ ഇടിക്കുകയും ചെയ്തതായി രക്ഷിതാക്കൾ ആരോപിക്കുന്നു. നിലത്തു വീണ കുട്ടിയെ കല്ലുകൊണ്ട് കുത്താൻ ശ്രമിച്ചെന്നും, കല്ല് തട്ടിമാറ്റിയപ്പോൾ ശരീരത്തിൽ കയറിനിന്ന് മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ സ്കൂളിലെ അധ്യാപകർ തയ്യാറായില്ലെന്നും രക്ഷിതാക്കൾ കുറ്റപ്പെടുത്തി.
ഗുരുതര പരിക്കുകളെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ദിവസങ്ങളോളം അവധിയെടുകയുണ്ടായി. എന്നാൽ വീടുകളിലെത്തിയ ചില അധ്യാപകർ, കുട്ടി ഉടനടി സ്കൂളിൽ തിരിച്ചെത്തിയില്ലെങ്കിൽ പുറത്താക്കുമെന്നും ടി.സി നൽകി വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി രക്ഷിതാക്കൾ വെളിപ്പെടുത്തി. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത വീഴ്ചയുണ്ടായെന്ന ആരോപണത്തെ തുടർന്ന് പോലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കൾ.



