ഷാർജ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 150 പുതിയ പാസ്പോർട്ട് കൺട്രോൾ ഓഫീസർമാരെ നിയമിക്കുന്നതിനും, സർവകലാശാലാ വിദ്യാർത്ഥികൾക്കായി ‘ഖത്വ’ (Khatwa) ബിസിനസ് ലൈസൻസ് പദ്ധതി ആരംഭിക്കുന്നതിനും അംഗീകാരം നൽകി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ (SEC). ഇതിനുപുറമേ സ്വദേശി പൗരന്മാർക്കായി 6,700 ഭവന സഹായ അപേക്ഷകൾക്കും കൗൺസിൽ തത്വത്തിൽ അംഗീകാരം നൽകി. ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയും യോഗത്തിൽ സംബന്ധിച്ചു.
വിമാനത്താവളത്തിലെ യാത്രക്കാരുടെയും സർവീസുകളുടെയും ദ്രുതഗതിയിലുള്ള വർധനവും വരാനിരിക്കുന്ന ഭാവി വികസന പദ്ധതികളും മുൻനിർത്തി ഒക്ടോബർ മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് 150 പാസ്പോർട്ട് കൺട്രോൾ ഓഫീസർമാരെ നിയമിക്കുന്നത്. ഈ തസ്തികകളിലേക്ക് സ്വദേശി പ്രതിഭകൾക്ക് മുൻഗണന നൽകുന്നതിലൂടെ അവർക്ക് കൂടുതൽ തൊഴിലവസരങ്ങളും പ്രൊഫഷണൽ വളർച്ചയും സാധ്യമാകും. ഇതിനൊപ്പം ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘ഖത്വ’ ബിസിനസ് ലൈസൻസ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പഠനത്തോടൊപ്പം ബിസിനസ് തുടങ്ങാനും, പുതിയ ആശയങ്ങളെ ലാഭകരമായ സംരംഭങ്ങളാക്കി മാറ്റി പ്രായോഗിക പരിചയം സമ്പാദിക്കാനും, ചെറുകിട-ഇടത്തരം (SME) മേഖല വളർത്താനും ഈ സംരംഭം വഴിമരുന്നിടും.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഷാർജ ഹൗസിംഗ് ഡിപ്പാർട്ട്മെന്റിന് ലഭിച്ച 6,700 ഭവന സഹായ അപേക്ഷകൾക്ക് അംഗീകാരം നൽകിയതിലൂടെ സ്വദേശി കുടുംബങ്ങൾക്ക് മാന്യവും സുരക്ഷിതവുമായ ജീവിതസാഹചര്യം ഉറപ്പു വരുത്താൻ സാധിക്കുമെന്ന് കൗൺസിൽ വ്യക്തമാക്കി. കൂടാതെ, യു.എ.ഇയുടെ മൊത്തം സാമ്പത്തിക വളർച്ചയിലേക്ക് ഷാർജയുടെ കൃത്യമായ സംഭാവന വിലയിരുത്തുന്നതിനായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ് തയ്യാറാക്കിയ ജി.ഡി.പി പുനരവലോകന റിപ്പോർട്ടും യോഗം വിശദമായി ചർച്ച ചെയ്തു.



