അധിനിവേശത്തെ വിമർശിച്ച ഗുട്ടെറസിനെതിരെ വർഗീയ പരാമർശവുമായി ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്

ന്യൂയോർക്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റങ്ങളെയും വംശീയ നിഷ്കാസന നീക്കങ്ങളെയും രൂക്ഷമായി വിമർശിച്ച ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെതിരെ അധിക്ഷേപവുമായി ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്. യു.എൻ പൊതുസഭയിൽ ഗുട്ടെറസ് നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ ഭീകരവാദത്തിന് പ്രോത്സാഹനം നൽകുന്നതാണെന്ന് ഇസ്രായേലിലെ തീവ്രവലതുപക്ഷ നേതാവായ സ്മോട്രിച്ച് ആരോപിച്ചു.

യു.എൻ പൊതുസഭയിലെ തന്റെ പ്രസംഗത്തിൽ വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ അക്രമങ്ങളെയും കുടിയേറ്റ വികസനത്തെയും ഗുട്ടെറസ് രൂക്ഷമായി വിമർശിച്ചിരുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ അക്രമങ്ങളും കുടിയേറ്റ വ്യാപനവും പലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതും സമാധാനത്തിനായുള്ള പാതയെ തകർക്കുകയാണെന്നും, പ്രദേശത്ത് വംശീയ നിഷ്കാസനത്തിന്റെ കറുത്ത നിഴൽ വീഴ്ത്തുകയാണെന്നും ഗുട്ടെറസ് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ഈ വിമർശനങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ ഇസ്രായേൽ ധനമന്ത്രി, വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പദ്ധതിക്ക് നേതൃത്വം നൽകുന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം എന്ന ആശയത്തെ പൂർണ്ണമായി ഇല്ലാതാക്കാനും ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാനും വെസ്റ്റ് ബാങ്കിലെ കുടിയേറ്റ വിപ്ലവത്തിലൂടെ സാധിക്കുമെന്നാണ് താൻ കരുതുന്നതെന്നും സ്മോട്രിച്ച് കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിയമങ്ങളെ പരസ്യമായി ലംഘിച്ചുകൊണ്ടുള്ള ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവന ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles