ഇന്ത്യ–സൗദി സൗഹൃദം ഊട്ടിയുറപ്പിച്ച് ദമ്മാം ഒ.ഐ.സി.സി ദേശീയ ദിനാഘോഷം

ദമ്മാം: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ ദമ്മാമിൽ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലും പ്രവാസി സമൂഹത്തിനുള്ള പങ്ക് ഉയർത്തിക്കാട്ടിയായിരുന്നു ആഘോഷം.

ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് ഇ.കെ. സലിം അധ്യക്ഷത വഹിച്ചു. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം നയതന്ത്ര തലത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സാമൂഹിക, സാംസ്കാരിക, വാണിജ്യ ബന്ധങ്ങളിലൂടെ വളർന്ന ജനങ്ങൾ തമ്മിലുള്ള സൗഹൃദം കൂടിയാണെന്നും ബിജു കല്ലുമല പറഞ്ഞു. 1947ൽ ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിതമായതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിവിധ മേഖലകളിൽ ക്രമാനുഗതമായി വികസിച്ചതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരുകളുടെ കാലത്ത് ഇന്ത്യ–സൗദി ബന്ധത്തിൽ ഉണ്ടായ സുപ്രധാന മുന്നേറ്റങ്ങളും ചടങ്ങിൽ അനുസ്മരിച്ചു. 2006ൽ സൗദി ഭരണാധികാരി കിംഗ് അബ്ദുല്ലയുടെ ഇന്ത്യാ സന്ദർശനത്തിനിടെ ഒപ്പുവെച്ച ഡൽഹി പ്രഖ്യാപനം ഇരു രാജ്യങ്ങളുടെയും ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു. പരസ്പര സഹകരണം, സുരക്ഷ, സമാധാനം, സാമ്പത്തിക വികസനം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ദിശയാണ് പ്രഖ്യാപനം മുന്നോട്ടുവെച്ചത്.

തുടർന്ന് 2010ൽ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സൗദി സന്ദർശനത്തിനിടെ ഒപ്പുവെച്ച റിയാദ് പ്രഖ്യാപനം ഇന്ത്യ–സൗദി ബന്ധത്തെ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയർത്തി. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, പ്രതിരോധ, ഊർജ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ചട്ടക്കൂടിന് ഇതിലൂടെ തുടക്കമായതായും അദ്ദേഹം പറഞ്ഞു.

1982ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സൗദി അറേബ്യ സന്ദർശിച്ചതിന് 28 വർഷങ്ങൾക്ക് ശേഷമാണ് 2010ൽ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് സൗദി സന്ദർശിച്ചത്. തുടർന്നുള്ള കാലയളവിലും ഇന്ത്യ–സൗദി ബന്ധം രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, പ്രതിരോധ, ഊർജ, നിക്ഷേപ മേഖലകളിൽ കൂടുതൽ വിപുലപ്പെട്ടതായും ചടങ്ങിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യ–സൗദി ബന്ധത്തിന്റെ വളർച്ചയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പങ്കും ബിജു കല്ലുമല പ്രത്യേകം പരാമർശിച്ചു. സൗദിയുടെ വികസനത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകൾ ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യ–സൗദി സൗഹൃദത്തിന്റെ ജീവിക്കുന്ന പാലമായി പ്രവാസി സമൂഹം പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൗദി അറേബ്യയുടെ വികസനത്തിനും പുരോഗതിക്കും സമാധാനത്തിനും ആശംസകൾ നേർന്ന അദ്ദേഹം, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ശക്തമായി മുന്നോട്ടുപോകട്ടെയെന്നും ആശംസിച്ചു. മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ് മുഖ്യസന്ദേശം നൽകി. ഗ്ലോബൽ കമ്മിറ്റി അംഗം ഹനീഫ് റാവുത്തർ, പ്രോവിൻസ് ഭാരവാഹികളായ അബ്ദുൽ കരീം, ഡോ. സിന്ധു ബിനു, സി.ടി. ശശി, അൻവർ വണ്ടൂർ, ആസിഫ് താനൂർ, രാധികാ ശ്യാം പ്രകാശ്, യഹിയ കോയ, വനിതാ വേദി ജനറൽ സെക്രട്ടറി ഹുസ്‌ന ആസിഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.
നേതാക്കളായ ഗഫൂർ വണ്ടൂർ, ഹമീദ് കണിച്ചാട്ടിൽ, ജോജി ജോസഫ്, ഷൗക്കത്ത് അലി, ബിനു പുരുഷോത്തമൻ എന്നിവർ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles