‘ഇസ്രായേലിന്റേത് ശ്രദ്ധതിരിക്കൽ തന്ത്രം, ആഗോള പൊതുജനവികാരം കാണാതെ പോകരുത്’; നെതന്യാഹുവിന്റെ ആരോപണങ്ങൾ തള്ളി ഖത്തർ

ന്യൂയോർക്ക്/ദോഹ: ഇസ്രായേലിനെതിരെ ആഗോളതലത്തിൽ പൊതുജനാഭിപ്രായം രൂപീകരിക്കാൻ ഖത്തർ വ്യാപക പ്രചാരണം നടത്തുന്നുവെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്റെ ആരോപണങ്ങൾ ശക്തമായി തള്ളി ഖത്തർ. ഐക്യരാഷ്ട്രസഭാ (UN) പൊതുസഭയിൽ നെതന്യാഹു നടത്തിയ പ്രസംഗത്തിലെ ആരോപണങ്ങൾ കേവലം അടിസ്ഥാനരഹിതമാണെന്നും, ഫലസ്തീൻ മണ്ണിൽ സ്വന്തം സൈന്യം നടത്തുന്ന ക്രൂരതകളിൽ നിന്നും ലോക ശ്രദ്ധ തിരിച്ചുവിടാനുള്ള അപഹാസ്യമായ ശ്രമമാണിതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി പ്രതികരിച്ചു.

ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യവെ, ഖത്തർ സർവ്വകലാശാലകൾക്കും അൽ ജസീറ ഉൾപ്പെടെയുള്ള ആഗോള മാധ്യമങ്ങൾക്കും ശതകോടികളുടെ ധനസഹായം നൽകി ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരെ യുവാക്കളുടെ മനസ്സ് വിഷലിപ്തമാക്കുകയാണെന്ന് നെതന്യാഹു ആരോപിച്ചിരുന്നു. കൂടാതെ, ഒക്ടോബർ 7-ലെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഹമാസ് നേതാക്കൾക്ക് ദോഹ അഭയം നൽകുന്നുണ്ടെന്നും തുർക്കിയും ഖത്തറും ചേർന്ന് ഇസ്രായേൽ വിരുദ്ധ വികാരം പടർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാൽ, ആഗോളതലത്തിൽ, പ്രത്യേകിച്ച് പുതിയ തലമുറയിലെ യുവാക്കൾക്കിടയിൽ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾക്കെതിരെ വളർന്നുവരുന്ന പ്രതിഷേധത്തെ ഏതെങ്കിലും വിദേശ പ്രചാരണങ്ങളുടെ ഫലമായി മാത്രം ചിത്രീകരിക്കുന്നത് ആ തലമുറയുടെ ബുദ്ധിയെയും വിവേകത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡോ. മാജിദ് അൽ അൻസാരി തിരിച്ചടിച്ചു. ഫലസ്തീൻ പ്രദേശങ്ങളിൽ അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തത്സമയം വീക്ഷിക്കുന്നതിലൂടെയാണ് ജനങ്ങൾ സ്വന്തം നിലപാടുകൾ രൂപീകരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റു രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും ക്രൂരമായ നയങ്ങൾ തിരുത്താനും ഇസ്രായേൽ തയ്യാറാകണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles