റിയാദ്: യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യയെ ലക്ഷ്യമാക്കി തൊടുത്ത ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സൗദി റോയൽ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ച് തകർത്തു. തലസ്ഥാന നഗരിയായ റിയാദ് ലക്ഷ്യമാക്കി എത്തിയ രണ്ട് ഡ്രോണുകൾ പുലർച്ചെ നാല് മണിയോടെ സൗദി വ്യോമസേന തകർത്തതായി അറബ് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
ആദ്യ ആക്രമണം തടഞ്ഞ് അരമണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ നഗരമായ ഖമീസ് മുഷൈത്തിനെ ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലും പ്രതിരോധ സംവിധാനം അന്തരീക്ഷത്തിൽ വെച്ചുതന്നെ നശിപ്പിച്ചു. ഇതിന് ശേഷം 20 മിനിറ്റിനുള്ളിൽ ഇതേ മേഖലയിലേക്ക് തൊടുത്തുവിട്ട മറ്റൊരു ബാലിസ്റ്റിക് മിസൈലും വിജയകരമായി തടഞ്ഞതായി വക്താവ് വ്യക്തമാക്കി.
ജനവാസ കേന്ദ്രങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങളെക്കുറിച്ച് തെക്കുപടിഞ്ഞാറൻ അസീർ മേഖലയിലെ ഖമീസ് മുഷൈത്ത്, അബഹ തുടങ്ങിയ നഗരങ്ങളിൽ രാത്രിയിൽ സൗദി സിവിൽ ഡിഫൻസ് മുൻകരുതലിന്റെ ഭാഗമായി അപായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. സഖ്യസേനയുടെ കൃത്യസമയത്തുള്ള ഇടപെടൽ കാരണം വൻ ദുരന്തവും ആളപായവുമാണ് ഒഴിവായത്.



