സ്ത്രീ സുരക്ഷയ്ക്കും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും മാതൃകാ വനിതാനയം: ‘ഹെർ സമ്മിറ്റ് 2026’ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകളുടെ പൂർണ്ണ സുരക്ഷയും സാമ്പത്തിക സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് വിട്ടുവീഴ്ചയില്ലാത്ത മാതൃകാ വനിതാനയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ സംഘടിപ്പിക്കുന്ന ദ്വിദിന ‘ഹെർ സമ്മിറ്റ് 2026’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും ഗാർഹിക തലത്തിലും സ്ത്രീകൾ നേരിടുന്ന അക്രമങ്ങളിൽ നിന്നും അപമാനങ്ങളിൽ നിന്നും പൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്നതായിരിക്കും പുതിയ വനിതാനയമെന്നും, എല്ലാ മേഖലയിലുള്ളവരുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ ഇത് തയ്യാറാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകൾ സോഷ്യൽ മീഡിയയിൽ നേരിടുന്ന സൈബർ അധിക്ഷേപങ്ങളും ആക്രമണങ്ങളും തടയാനായി പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാധാരണക്കാരായ സ്ത്രീകൾ അപമാനിക്കപ്പെടുന്നത് തടയാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന ഇടപെടലുണ്ടാകും. ഇതിനുപുറമെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പദ്ധതികൾ മാറ്റിവെക്കാതെ സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുള്ള ബൃഹദ് പദ്ധതികൾ ഈ വർഷം തന്നെ ആരംഭിക്കും. പ്രദേശാനുസൃതമായ ഉൽപ്പന്നങ്ങളും സേവനങ്ങളും കണ്ടെത്തി അവയുടെ വിപണനത്തിന് സർക്കാരിന്റെയും നോളജ് പാർട്ണറുടെയും പിന്തുണ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ സംരംഭകർക്ക് സാമ്പത്തിക-സാങ്കേതിക പിന്തുണ നൽകുന്നതിനൊപ്പം ഹരിത സമ്പദ്‌വ്യവസ്ഥയിലും പുതിയ തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം പുതിയ വനിതാനയത്തിലൂടെ ഉറപ്പാക്കുമെന്ന് ചടങ്ങിൽ സംസാരിച്ച വനിതാ ശിശുസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. ലോകം മാറുന്നതിനനുസരിച്ച് സമൂഹത്തിന്റെ ചിന്താഗതികളിലും മാറ്റം വരണമെന്നും സ്ത്രീ സുരക്ഷയ്ക്കായുള്ള സർക്കാരിന്റെ സ്വപ്നപദ്ധതികൾ പൂർണ്ണമായും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles