കൊച്ചി: സി.ബി.എസ്.ഇ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ആക്ഷൻ സോങ് മത്സരത്തിൽ ഒരു പ്രത്യേക സമുദായത്തെ അധിക്ഷേപിക്കുന്നതും വിദ്വേഷം പരത്തുന്നതുമായ വരികൾ ഉൾപ്പെടുത്തിയത് വിവാദമാകുന്നു. ആലുവ ക്രൈസ്തവ മഹിളാലയം സ്കൂളിൽ നടന്ന കലോത്സവത്തിലാണ് യു.കെ.ജി വിദ്യാർത്ഥികൾ പാടിയ പാട്ടിലെ വരികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നത്. 15 സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നുള്ള കുരുന്നുകളാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്.
ട്രെയിൻ ബോഗികളിൽ എത്തുന്ന മോഷ്ടാക്കളും റെയിൽവേ പാളത്തിൽ ബോംബ് വെക്കുന്ന ഭീകരരും ഒരു പ്രത്യേക സമുദായത്തിന്റെ പരമ്പരാഗത വസ്ത്രധാരണത്തിൽ എത്തുന്ന രീതിയിലാണ് പാട്ടിന്റെ വരികളും ദൃശ്യാവിഷ്കാരവും തയ്യാറാക്കിയിരുന്നത്. കുട്ടികളുടെ അവതരണം നടക്കുന്നതിനിടെ തന്നെ സദസ്സിലുണ്ടായിരുന്ന രക്ഷിതാക്കളും കാണികളും വിഷയത്തിൽ ഇടപെടുകയും, വരികളിലെ വർഗീയ-വിദ്വേഷ സ്വഭാവം ചൂണ്ടിക്കാട്ടി സംഘാടകരെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പ്രസ്തുത അവതരണത്തിന് സമ്മാനം നൽകുകയാണെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും ഇവർ വ്യക്തമാക്കുകയുണ്ടായി.
തുടർന്ന് പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട സംഘാടകർ പ്രസ്തുത സ്കൂളിന്റെ ടീമിന് സമ്മാനം നൽകുന്നത് ഒഴിവാക്കുകയായിരുന്നു. ഇതേ ആക്ഷൻ സോങ് കഴിഞ്ഞ വർഷവും മത്സരത്തിൽ അവതരിപ്പിക്കപ്പെടുകയും സമ്മാനം നേടുകയും ചെയ്തിരുന്നതായി വിവരമുണ്ട്. എന്നാൽ ഇത്തരം വരികൾ മത്സരത്തിലേക്ക് എങ്ങനെ കടന്നുകൂടി എന്നതിനെക്കുറിച്ച് അറിവില്ലെന്നാണ് സ്കൂൾ മാനേജ്മെന്റിന്റെ വിശദീകരണം. പാട്ട് എഴുതിയത് ആരാണെന്ന് തങ്ങൾക്ക് വ്യക്തമല്ലെന്ന് അറിയിച്ച സ്കൂൾ അധികൃതർ, സംഭവത്തിൽ സ്കൂൾ തലത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.



