ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും ഇന്ത്യയെക്കുറിച്ചുള്ള തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് പിന്തുടരുന്നതെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി തന്റെ പുതിയ ഓർമ്മക്കുറിപ്പായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു. തമ്മിൽ കണ്ടുമുട്ടുമ്പോൾ പ്രധാനമന്ത്രി നേരിട്ട് കണ്ണുകളിൽ നോക്കുന്നത് ഒഴിവാക്കാറുണ്ടെന്നും, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തിപരമല്ലെന്നും മറിച്ച് പ്രത്യശാസ്ത്രപരമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്ത് കലാപ സ്ഥലത്ത് നേരിട്ട് കണ്ട കാഴ്ചകൾ തന്നെ വേട്ടയാടിയിരുന്നതായും, നിരവധി ദുരന്തബാധിതരെ കണ്ടുമുട്ടിയതായും സോണിയ ഓർത്തെടുക്കുന്നു. ആ സമയത്ത് ഇരകളിൽ ഭൂരിഭാഗവും മുസ്ലീംങ്ങളായിരുന്നുവെന്നും മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്ന ചെറുപ്പക്കാരുടെ സംഘങ്ങളെ തെരുവുകളിൽ കാണാമായിരുന്നുവെന്നും അവർ പുസ്തകത്തിൽ കുറിക്കുന്നു.
ഔദ്യോഗിക ആശംസകൾക്കും വല്ലപ്പോഴും നടക്കുന്ന ചുരുക്കം ചില സംഭാഷണങ്ങൾക്കുമപ്പുറം മോദിയുമായി തനിക്ക് യാതൊരുവിധ സമ്പർക്കവും ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. സാധാരണ ചുറ്റുപാടുകളിൽ നിന്ന് ആർ.എസ്.എസിലൂടെ വളർന്ന് അധികാരത്തിലെത്തിയ നേതാവാണ് നരേന്ദ്ര മോദിയെന്ന് വിശേഷിപ്പിക്കുന്ന സോണിയ, എന്നാൽ അദ്ദേഹത്തിന്റെ പി.ആർ ടീം മാർക്കറ്റ് ചെയ്യാൻ പ്രചരിപ്പിച്ചത്ര ലളിതമോ സാധാരണയോ ആയിരുന്നില്ല അദ്ദേഹത്തിന്റെ പശ്ചാത്തലമെന്നും കൂട്ടിച്ചേർക്കുന്നു. താൻ ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ ശേഷം മോദി ഇടയ്ക്കിടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നെങ്കിലും, ആർ.എസ്.എസിന്റെ പ്രത്യയ ശാസ്ത്രത്തിൽ നിന്നും ഉയർന്നുവന്നതാണ് അദ്ദേഹത്തിന്റെ ലോകവീക്ഷണമെന്ന് സോണിയ ഗാന്ധി പുസ്തകത്തിൽ വിലയിരുത്തുന്നു.



