വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിനായി അമേരിക്ക ചെലവഴിച്ച തുക സഖ്യകക്ഷികളിൽ നിന്ന് ഈടാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക സംരക്ഷണം നൽകിയ രാജ്യങ്ങൾ യുദ്ധച്ചെലവിന്റെ മുഴുവൻ തുകയും തിരികെ നൽകേണ്ടി വരുമെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇറാനുമായുള്ള സംഘർഷത്തിൽ നേരിട്ട് പങ്കാളിയായ ഇസ്രായേലും ഗൾഫ് രാജ്യങ്ങളും ഈ തുക നൽകണമെന്നാണ് ട്രംപിന്റെ ആവശ്യം.
അമേരിക്കയുടെ സൈനിക ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഇസ്രായേൽ നിലനിൽക്കില്ലായിരുന്നുവെന്നും അതിനാൽ യുദ്ധച്ചെലവിന്റെ നൂറുശതമാനവും അവർ തിരിച്ചടയ്ക്കേണ്ടതുണ്ടെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെ ഹോർമുസ് കടലിടുക്കിൽ സുരക്ഷയൊരുക്കുന്ന ഗൾഫ് രാജ്യങ്ങളിൽ നിന്ന് സാമ്പത്തിക തിരിച്ചടവ് തേടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യു.എഇ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളാണ് തങ്ങൾ സംരക്ഷിക്കുന്ന സമ്പന്നമായ മേഖലയെന്നും അതിനാൽ സംരക്ഷണത്തിനുള്ള ചെലവ് അവർ വഹിക്കണമെന്നുമാണ് ട്രംപിന്റെ വാദം.
എങ്കിലും, ഈ ആവശ്യങ്ങൾ ഗൗരവകരമായ നയപരമായ തീരുമാനങ്ങളേക്കാൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രസ്താവനകളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയുളള യുദ്ധത്തിൽ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങൾ മേഖലയിൽ വലിയ തിരിച്ചടികൾക്ക് കാരണമായിട്ടുണ്ടെന്ന് ഗൾഫ് രാജ്യങ്ങളും ചൂണ്ടിക്കാണിക്കുന്നു. മിഡ്ടേം തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ശേഷം പൊതുജനങ്ങളുടെ അതൃപ്തി മറികടക്കാനാണ് ട്രംപ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.



