പോലീസ് സ്റ്റേഷനിൽ വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; പോലീസുകാരനെതിരെ കേസ്

കൊല്ലം: നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസറെ (സി.പി.ഒ.) സഹപ്രവർത്തകൻ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച കേസിൽ ഒരു പോലീസുകാരനെതിരെ നടപടി. നവംബർ ആറിന് പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമമുറിയിലേക്ക് പോവുകയായിരുന്ന വനിതാ ഉദ്യോഗസ്ഥയെ, നവാസ് എന്ന സിവിൽ പോലീസ് ഓഫീസർ തടയുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് പരാതി.

സംഭവത്തിൽ, സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി ചവറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആദ്യം നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന്, പരാതിക്കാരി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ടി.പി. ദാസന് നേരിട്ട് പരാതി നൽകുകയായിരുന്നു.

കമ്മീഷണറുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 509 വകുപ്പുകൾ പ്രകാരം കേസെടുത്തത്. പ്രതിയായ നവാസ് മറ്റൊരു സ്റ്റേഷനിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥനാണ്. പോലീസ് ഡ്യൂട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles