മലപ്പുറം പുൽപ്പറ്റ സ്വദേശിയായ പി.സി കുഞ്ഞിമുഹമ്മദ് തന്റെ മുപ്പത് വർഷം നീണ്ട സുദീർഘമായ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. ജിദ്ദ ബനുമാലിക് ഏരിയ കെ.എം.സി.സി ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്ന അദ്ദേഹത്തിന് പ്രവാസി സമൂഹം ഉജ്ജ്വലമായ യാത്രയയപ്പ് നൽകി. മൂന്ന് പതിറ്റാണ്ടായി ജീവകാരുണ്യ, സാമൂഹിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്ന കുഞ്ഞിമുഹമ്മദ് കെ.എം.സി.സിയുടെ വിവിധ കമ്മിറ്റികളിൽ നേതൃപരമായ പങ്ക് വഹിച്ചുകൊണ്ട് പ്രവാസി മലയാളി സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വമാണ്.
ജിദ്ദയിൽ സംഘടിപ്പിച്ച ‘കെ.എം.സി.സി വിജയാരവം’ എന്ന പരിപാടിയിൽ വെച്ച് വേൾഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി കുഞ്ഞിമുഹമ്മദിന് സംഘടനയുടെ ഉപഹാരം കൈമാറി. ചടങ്ങിൽ കെ.എം.സി.സിയുടെ സൗദി നാഷണൽ, ജിദ്ദ സെൻട്രൽ, ബനുമാലിക് കമ്മിറ്റികളിലെ പ്രമുഖ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു. ബനുമാലിക് പ്രസിഡന്റ് നൗഫൽ ഉള്ളാടന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ജംഷീർ കെ.വി സ്വാഗതവും റാഫി പാലക്കാട് നന്ദിയും രേഖപ്പെടുത്തി.



