കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ബസിനടിയിൽപ്പെട്ട് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. സംസ്ഥാന ഹാൻഡ്‌ലൂം കോപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരിയായ കോട്ടയം നട്ടാശ്ശേരി ഞള്ളക്കാട്ടു വീട്ടിൽ റോസ് സി.ഡി (56) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 9.45-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇറഞ്ഞാൽ – തിരുവഞ്ചൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് റോസ് സ്ഥിരമായി ജോലിസ്ഥലത്തേക്ക് എത്തിയിരുന്നത്. തിരുനക്കര സ്റ്റാൻഡിലെ ബസ് ബേയിൽ ബസ് നിർത്തിയപ്പോൾ ഇവർ താഴെയിറങ്ങി. തുടർന്ന് ബസിന്റെ ഇടതുവശം ചേർന്ന് മുന്നിലൂടെ നടന്നു നീങ്ങവെ, യാത്രക്കാരി മുന്നിലുള്ളത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ഇതോടെ റോസ് ബസിനടിയിൽപ്പെടുകയും ഇടതുവശത്തെ മുൻചക്രം ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു.
അപകടം നടന്ന ഉടൻ തന്നെ അവിടെയുണ്ടായിരുന്ന യാത്രക്കാരും പോലീസും ചേർന്ന് റോസിനെ ബസിനടിയിൽ നിന്നും പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വയറിനും മുഖത്തിനുമാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു



