ജിദ്ദ: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഖാലിദ് ബിൻ വലീദ് ഏരിയ കെ.എം.സി.സി ഉപദേശക സമിതി അംഗം സലീം കൂട്ടിലങ്ങാടിക്ക് (സലീം സദാഫ്കൊ) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. ജിദ്ദ സജ പാർക്കിൽ നടന്ന സംഗമത്തിൽ കെ.എം.സി.സി പ്രസ്ഥാനത്തിലേക്ക് പുതുതായി എത്തിയവരെ സ്വീകരിക്കുന്ന നവാഗത സംഗമവും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. പരിപാടി ജിദ്ദ കെ.എം.സി.സി സെക്രട്ടറി സിറാജ് കണ്ണവം ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് സാന്ത്വനത്തിന്റെയും ചേർത്തുപിടിക്കലിന്റെയും പ്രതീകമാണ് കെ.എം.സി.സിയെന്ന് നവാഗതരെ സ്വീകരിച്ചുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഏരിയ കമ്മിറ്റി പ്രസിഡന്റ് റഷീദ് ഒതുക്കുങ്ങൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സിയുടെ കുടുംബ സുരക്ഷാ പദ്ധതി, പ്രവാസി പെൻഷൻ, നോർക്ക ഇൻഷുറൻസ്, നോർക്ക ഐ.ഡി എന്നിവയിൽ പ്രവാസികൾ അംഗങ്ങളാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ഏരിയ കെ.എം.സി.സിയുടെ ഉപഹാരം പ്രസിഡന്റ് റഷീദ് ഒതുക്കുങ്ങൽ സലീം കൂട്ടിലങ്ങാടിക്ക് കൈമാറി. പ്രവാസ ജീവിതത്തിൽ കെ.എം.സി.സിയിലൂടെ നേടാൻ കഴിഞ്ഞ നന്മകളും സംഘടന ചെയ്യുന്ന സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങളും അനുസ്മരിച്ച് സലീം കൂട്ടിലങ്ങാടി മറുപടി പ്രസംഗം നടത്തി.
ചടങ്ങിൽ കെ.പി. അബ്ദുറഹ്മാൻ പുളിക്കൽ, പി.കെ. സുഹൈൽ, സുബൈർ വാണിമേൽ, സൈതലവി മോങ്ങം, മുജീബ് മണ്ണാർക്കാട്, സഫീർ ബാവ, മുഹ്സിൻ നാദാപുരം, കെ.പി. റഷീദ്, മുഹ്‌യുദ്ദീൻ താപ്പി, സലാം കൊന്നക്കാട്, റസാഖ് പേരാമ്പ്ര, റഷീദ് ഇരിട്ടി, അൻവർ സാദിഖ്, മൻസൂർ ഷാനിബ്, നിയാഫ്, ഷംനാദ്, ഷാനിഫ്, സുൽത്താൻ, തൻവീർ തുടങ്ങിയ പ്രമുഖർ ആശംസകൾ നേർന്നു സംസാരിച്ചു. നൗഷാദ് ചപ്പാരപ്പടവ് സ്വാഗതവും മുജീബ് മൂപ്പിലാഴി നന്ദിയും പറഞ്ഞു..



