മർക്കസിലെത്തി മലേഷ്യൻ പ്രധാനമന്ത്രിയുമായി സൗഹൃദം പുതുക്കി പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും

കോഴിക്കോട്: കാരന്തൂർ മർകസിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഊഷ്മളമായ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ലീഗ് നേതാക്കൾ മർകസിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

കൂടിക്കാഴ്ചയിൽ പാണക്കാട് കുടുംബവുമായുള്ള തന്റെ ദീർഘകാല ബന്ധം മലേഷ്യൻ പ്രധാനമന്ത്രി ഹൃദയസ്പർശിയായി അനുസ്മരിച്ചു. വർഷങ്ങൾക്ക് മുമ്പ് താൻ പാണക്കാട് സന്ദർശിച്ചതും, അവിടെ ചെലവഴിച്ച നിമിഷങ്ങളും അദ്ദേഹം ആവേശത്തോടെ പങ്കുവെച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മലേഷ്യയിൽ ഉപരിപഠനം നടത്തിയിരുന്ന കാലത്ത്, പരേതനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്കൊപ്പം തന്നെ സന്ദർശിച്ച വിവരവും അൻവർ ഇബ്രാഹിം ഓർത്തെടുത്തു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ തികഞ്ഞ ആദരവോടെയാണ് അദ്ദേഹം സംസാരിച്ചത്.

വരും മാസങ്ങളിൽ മലേഷ്യ സന്ദർശിക്കാനിരിക്കുന്ന സാദിഖലി ശിഹാബ് തങ്ങളോട്, മലേഷ്യയിലെത്തുമ്പോൾ തീർച്ചയായും നേരിട്ട് കാണണമെന്ന് അൻവർ ഇബ്രാഹിം ആഗ്രഹം പ്രകടിപ്പിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായുള്ള തന്റെ വ്യക്തിബന്ധവും ദീർഘകാലത്തെ സൗഹൃദവും ചടങ്ങിലുടനീളം പ്രകടമായിരുന്നു. ഉന്നത നേതാക്കളുടെയും മത-സാമൂഹിക പ്രമുഖരുടെയും സാന്നിധ്യത്തിൽ നടന്ന ഈ കൂടിക്കാഴ്ച ഇന്ത്യയും മലേഷ്യയും തമ്മിലുള്ള നയതന്ത്ര-സാംസ്കാരിക ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇടയാക്കുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles