റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ വിക്ഷേപിച്ച ആറ് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സജ്ജീകരണങ്ങളിലൂടെ തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന. ആക്രമണ നീക്കത്തെ വിജയകരമായി പ്രതിരോധിച്ചതായി സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഔദ്യോഗികമായി അറിയിച്ചത്.
ഭീകര സംഘടനയായ ഹൂതികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പ്രകോപനങ്ങളെയും നിയമലംഘനങ്ങളെയും കടുത്ത ഭാഷയിൽ നേരിടുമെന്ന് തുർക്കി അൽ മാലിക്കി മുന്നറിയിപ്പ് നൽകി. ആക്രമണ ശ്രമത്തെ തുടർന്ന് വിശുദ്ധ നഗരമായ മക്ക, തബൂക്ക്, ചെങ്കടൽ തീര നഗരങ്ങളായ ജിദ്ദ, യാൻബു, ദക്ഷിണ മേഖലയിലെ താഇഫ് എന്നീ പ്രദേശങ്ങളിൽ സൗദി സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം (Danger alert) പുറപ്പെടുവിച്ചിരുന്നു. മിസൈലുകൾ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ നശിപ്പിച്ചതോടെ വൻ അപകടമാണ് ഒഴിവായത്.
ചെങ്കടലിലും സമീപ പ്രദേശങ്ങളിലും സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് സൗദി അറേബ്യയുടെ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ ആക്രമണ നീക്കമുണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും തീർത്ഥാടകരുടെയും സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ അടിയന്തര സൈനിക നടപടികളും തുടരുമെന്ന് സഖ്യസേന വ്യക്തമാക്കി.



