വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. വാഷിങ്ടണിൽ ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാന്റെ സൈനിക ശേഷി പൂർണ്ണമായി തകർക്കപ്പെട്ടെന്നും നിലവിലെ സ്ഥിതിതുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യങ്ങളുടെ താൽപര്യപ്രകാരമാണ് ഈ ‘സ്റ്റാറ്റസ് ക്വോ’ (നിലവിലെ സ്ഥിതി) തുടരുന്നതെന്നും ആവശ്യമെങ്കിൽ ഏതു നിമിഷവും സൈനിക നടപടികളിലേക്ക് തിരിച്ചുവരാൻ രാജ്യം സജ്ജമാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ ഥാനിയും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു ഈ പരാമർശം.
യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചെങ്കിലും ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ യു.എസ് നാവിക ഉപരോധം തുടരുമെന്ന് ട്രംപ് അറിയിച്ചു. കരമാർഗ്ഗവും കാസ്പിയൻ കടൽ വഴിയുമുള്ള വ്യാപാരം തടയുന്നതിനായി രൂപീകരിച്ച ‘ടാസ്ക് ഫോഴ്സ് അയേൺ ഗേറ്റ്’ ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്നാണ് വ്യക്തമാക്കിയത്. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുടെ താൽപ്പര്യപ്രകാരമാണ് ഈ നിലപാട് തുടരുന്നത്. അതേസമയം, ട്രംപിന്റെ അവകാശവാദങ്ങൾ വ്യാജവാർത്തയാണെന്ന് പറഞ്ഞ് ഇറാനിയൻ അധികൃതർ തള്ളി. യുദ്ധം യു.എസ് സർക്കാരിനെയാണ് തകർത്തതെന്നും വാഷിങ്ടൺ ഒരു നിരാശനായ ചൂതാട്ടക്കാരനെപ്പോലെയാണ് പെരുമാറുന്നതെന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്സിൻ റെസോയി പ്രതികരിച്ചു.
രാജ്യത്ത് നിലവിലുള്ളത് ‘യുദ്ധവുമില്ല സമാധാനവുമില്ല’ എന്ന അവസ്ഥയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. ബലപ്രയോഗത്തിനും ഭീഷണിക്കും മുന്നിൽ കീഴടങ്ങില്ലെന്നും എന്നാൽ ഉപാധികളോടെയുള്ള ചർച്ചകൾക്ക് രാജ്യം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിനിടയിൽ ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടലും മിസൈൽ-ഡ്രോൺ ആക്രമണങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നിരുന്നു. ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ഫണ്ടുകൾ തിരികെ നൽകുക തുടങ്ങിയ പ്രധാന ഉപാധികളാണ് യു.എസിനു മുന്നിൽ ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഖത്തറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് മേഖലയിലെ പുതിയ രാഷ്ട്രീയ നീക്കങ്ങൾ.



