ഹൂതി ആക്രമണങ്ങളെ പ്രതിരോധിച്ചു; ഹൂതികളുടെ മിസൈൽ നിർമ്മാണകേന്ദ്രം സൗദി സഖ്യസേന തകർത്തു

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി മിലീഷ്യകൾ നടത്തിയ തുടർച്ചയായ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ സഖ്യസേനയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു തകർത്തതായി യമനിലെ നിയമസാധുതയെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേന അറിയിച്ചു. തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകളും കിഴക്കൻ പ്രവിശ്യയിൽ എത്തിയ ഡ്രോണും തകർത്തതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മലിക്കി അറിയിച്ചു. രാജ്യത്തിന്റെ തെക്കൻ മേഖലയിലേക്ക് അയച്ച ബാലിസ്റ്റിക് മിസൈലും വിജയകരമായി തകർത്തതായി അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചു.

ആക്രമണ ഭീഷണിയെ തുടർന്ന് റിയാദ് നഗരം, അബ്ഹ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിൽ സിവിൽ ഡിഫൻസ് അതോറിറ്റി താൽക്കാലിക മുൻകരുതൽ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അപകടസാധ്യത ഒഴിഞ്ഞതോടെ മുന്നറിയിപ്പ് പിൻവലിച്ചു.

അതേസമയം, സൗദി അറേബ്യയ്ക്കും യമനിലെ സിവിലിയന്മാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി യമനിൽ പ്രവർത്തിച്ചിരുന്ന ഹൂതികളുടെ സാങ്കേതിക നിർമ്മാണ കേന്ദ്രങ്ങൾ സഖ്യസേന ആക്രമിച്ചു തകർത്തു. ബാലിസ്റ്റിക് മിസൈലുകളുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന കേന്ദ്രം, ഖര ഇന്ധനം തയാറാക്കുന്ന കെമിക്കൽ പ്ലാന്റ്, ഇലക്ട്രോണിക് സിസ്റ്റങ്ങൾ കൂട്ടിച്ചേർക്കുന്ന ഫെസിലിറ്റി എന്നിവയാണ് തകർത്തത്. ഹൂതികളുടെ സൈനിക ശേഷിയും ആയുധ ശൃംഖലയും തകർക്കുന്നതിനുള്ള സൈനിക നടപടികൾ തുടരുമെന്ന് സഖ്യസേന വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles