44,250 വെടിയുണ്ടകൾ പിടിച്ചെടുത്ത സംഭവം: ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്തിന് മറുപടി നൽകണമെന്ന് പ്രിയങ്ക് ഖാർഗെ

ന്യൂഡൽഹി: ഹരിയാനയിലും ബീഹാറിലും നടത്തിയ പരിശോധനയിൽ 44,250 വെടിയുണ്ടകൾ പിടിച്ചെടുത്ത സംഭവത്തിൽ ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ കടുത്ത വിമർശനവുമായി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ആയുധ കടത്ത് ശൃംഖല തകർത്ത കേസിൽ അറസ്റ്റിലായ പ്രതികളിൽ ചിലർ ആർ.എസ്.എസ് ഗണവേഷം ധരിച്ച ചിത്രങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ വ്യക്തമായ ഉത്തരം നൽകാൻ ബി.ജെ.പിയും ആർ.എസ്.എസും തയ്യാറാകണമെന്ന് ഖാർഗെ ആവശ്യപ്പെട്ടത്. ഇത് വെറുമൊരു ക്രിമിനൽ കേസല്ലെന്നും രാജ്യസുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഗുരുതര സാഹചര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

പൂനെയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ ഘാഡ്കി ഓർഡനൻസ് ഫാക്ടറിയിൽ ഉൽപ്പാദിപ്പിച്ച വെടിയുണ്ടകളാണ് വ്യാജ വിപണിയിൽ എത്തിയതെന്നും ഇത്രയും വലിയ തോതിൽ വെടിയുണ്ടകൾ ചോർന്നത് ആർക്കുവേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. പിടിക്കപ്പെട്ടവർ ആർ.എസ്.എസ് പ്രവർത്തകരാണോ, സംഘടനയിൽ ഇവർക്ക് എന്തെങ്കിലും ചുമതലകൾ ഉണ്ടായിരുന്നോ, ആർക്കുവേണ്ടിയാണ് ഇത്രയധികം വെടിയുണ്ടകൾ എത്തിച്ചു നൽകിയതെന്ന് ബി.ജെ.പി വ്യക്തമാക്കണം.

രാജ്യസ്‌നേഹത്തെക്കുറിച്ച് എപ്പോഴും പ്രസംഗിക്കുന്ന ബി.ജെ.പിയും ആർ.എസ്.എസും ഇത്രയും വലിയൊരു അന്തർസംസ്ഥാന ആയുധക്കടത്ത് കേസിൽ പ്രതികൾക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിട്ടും നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു. ആർ.എസ്.എസ് ഒരു സംഘടനയായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്നും, ആവശ്യമെങ്കിൽ രജിസ്ട്രേഷൻ ഫീസ് താൻ വ്യക്തിപരമായി വഹിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles