ജിദ്ദ: തനിമയുടെ കീഴിലുള്ള ഹജ്ജ് വളണ്ടിയർ സേവനം അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചതായി ജനറൽ കൺവീനർ തമീം മമ്പാടും ക്യാപ്റ്റൻ അബ്ശീറും അറിയിച്ചു. ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന മക്കയിലെ അസീസിയ,നസീം തുടങ്ങിയ പ്രദേശങ്ങളിലും മദീനയിലുമാണ് നിലവിൽ സേവനം തുടരുന്നത് . താമസ കേന്ദ്രങ്ങളിലെ ഭക്ഷണ വിതരണം ഹാജിമാർ നാടുകളിലേക്ക് മടങ്ങുന്നതുവരെ തുടരും . രാത്രി വിതരണം ചെയ്യുന്ന ഭക്ഷണ പാക്കറ്റുകൾക്കു പുറമെ ചുടു കഞ്ഞിയും അച്ചാറും ഹാജിമാർക്ക് ഏറെ ആശ്വാസമാണ്. നൂറുകണക്കിന് കഞ്ഞിയാണ് ഓരോ ബിൽഡിംഗിലും വിതരണം ചെയ്യുന്നത്. ജിദ്ദയിൽനിന്നടക്കമുള്ള വളണ്ടിയർമാർ അസീസിയ കേന്ദ്രീകരിച്ചാണ് വിതരണം കാര്യക്ഷമമാക്കുന്നത്. മക്കയിലെ സേവനങ്ങൾ മജീദ് എ.പി, സഫീർ അലി എന്നിവർ ഏകോപിപ്പിക്കുന്നു.
വെള്ളിയാഴ്ച ഇന്ത്യൻ ഹജ്ജ് മിഷനോടൊപ്പം സേവനം നൽകിയ തനിമ വളണ്ടിയർമാരെ ഹജ്ജ് കോൺസൽ സദഫ് ചൗധരി പ്രത്യേകം അഭിനന്ദിച്ചു .വിശുദ്ധ ഹജ്ജ് സീസണിന്റെ സമാപനത്തോടെയാണ് തനിമ ഹജ്ജ് വളണ്ടിയർ സർവീസും അവസാനിക്കുന്നത്. അധികൃതരിൽ നിന്നുള്ള പ്രത്യേക പെർമിറ്റോടെ പ്രവർത്തിച്ച തനിമ വളണ്ടിയർമാർ ഈ വർഷവും നൂറുകണക്കിന് ഇന്ത്യൻ ഹാജിമാർക്ക് സഹായം നൽകി സേവനം പൂർത്തിയാക്കിയതിൽ അഭിമാനവും സംതൃപ്തിയും പ്രകടിപ്പിച്ചു.
തനിമയുടെ ഹജ്ജ് വളണ്ടിയർ ടീം അറഫ, മിന, മുസ്ദലിഫ തുടങ്ങിയ പ്രധാന ഹജ്ജ് കേന്ദ്രങ്ങളിലും ഹറമിലെ വിവിധ ഭാഗങ്ങളിലും ഹാജിമാരുടെ താമസസ്ഥലങ്ങളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും സേവനം നൽകി. വഴിതെറ്റിയ ഹാജിമാരെ കണ്ടെത്തി തമ്പുകളിലും താമസസ്ഥലങ്ങളിലും എത്തിക്കുന്നതിലായിരുന്നു പ്രധാന ഫോക്കസ്. ഹജ്ജ് കർമ്മങ്ങളുടെ വിവിധ ഘട്ടങ്ങളിൽ ഗൈഡൻസും ദിശാബോധവും നൽകൽ. ക്രൗഡ് മാനേജ്മെന്റ്, ബസ് ട്രാൻസ്പോർട്ട് സഹായം, അടിയന്തര സഹായം എന്നിവക്കു പുറമെ ഹാജിമാർക്ക് ആവശ്യമായ വിവരങ്ങൾ, ഭാഷാ സഹായം തുടങ്ങിയവ നൽകി. ഇന്ത്യൻ ഹജ്ജ് മിഷനുമായി സഹകരിച്ചും ഏകോപിത സേവനങ്ങൾ ഒരുക്കി.
നൂറു കണക്കിനു വളണ്ടിയർമാർ അറഫ-മിന മേഖലകളിൽ പ്രവർത്തിച്ചു. പരിശീലനം പൂർത്തിയാക്കിയ ശേഷം സർക്കാർ പെർമിറ്റോടെ കൂടുതൽ ഫലപ്രദമായി സേവനം നൽകാൻ സാധിച്ചതിൽ ടീം അഭിമാനം പ്രകടിപ്പിച്ചു. കോർഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് സേവനം ക്രമീകരിച്ചതും ഈ വർഷത്തെ ദൗത്യം നിർവഹിച്ചതും . ഹാജിമാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി രാപ്പകലില്ലാതെ പ്രവർത്തിച്ച എല്ലാ വളണ്ടിയർമാരേയും തനിമ കേന്ദ്ര പ്രസിഡൻ്റ് എ. നജ്മുദ്ദീൻ അഭിനന്ദിച്ചു സൗദി അധികൃതർക്കും, ഇന്ത്യൻ ഹജ്ജ് മിഷനും നിർദേശങ്ങൾ പാലിച്ച് ഹജ്ജ് സുഗമമാക്കിയ എല്ലാ ഹാജിമാർക്കും തനിമയുടെ ആത്മാർത്ഥമായ നന്ദി അറിയിച്ചു.



