കേളി ജീവസ്പന്ദനം മെഗാ രക്തദാന ക്യാമ്പ്

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഒൻപതാമത് മെഗാ രക്തദാന ക്യാമ്പായ ‘ജീവസ്പന്ദനം 2026’ മെയ് 15, വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ബദിയായിലെ ഫ്ലാമിഗോ മാളിൽ പ്രവർത്തിക്കുന്ന മാർക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റുമായി സഹകരിച്ചാണ് ഇത്തവണ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ റിയാദ് ബ്ലഡ് ബാങ്കുമായി സഹകരിച്ച്, വിശുദ്ധ ഹജ്ജിന് മുന്നോടിയായി കേളി കഴിഞ്ഞ എട്ട് വർഷങ്ങളായി തുടർച്ചയായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു വരികയാണ്. ഇത്തവണത്തെ ക്യാമ്പിന്റെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പിൽ ഒരേസമയം 20 യൂണിറ്റ് രക്തവും, പുറത്ത് മൂന്ന് ബസ്സുകളിലായി പ്രവർത്തിക്കുന്ന മൊബൈൽ യൂണിറ്റുകളിൽ ഒരേസമയം 16 യൂണിറ്റ് രക്തവും സ്വീകരിക്കാനാകും. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് നാല് മണിവരെ തുടരും.

കഴിഞ്ഞ വർഷം കേളിയുടെ നാല് ഏരിയ കമ്മിറ്റികളും കേന്ദ്ര കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച ക്യാമ്പിൽ 1428 യൂണിറ്റ് രക്തം ശേഖരിക്കാൻ സാധിച്ചിരുന്നു. ഇത്തവണ കൂടുതൽ രക്തദാതാക്കളെ പങ്കെടുപ്പിക്കാനുള്ള വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ഏരിയകളിൽ നിന്നുള്ള രക്തദാതാക്കളെ എത്തിക്കുന്നതിനായി പ്രത്യേക ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

കേളി ജീവകാരുണ്യ കമ്മിറ്റി കീഴിൽ പ്രത്യേക രക്തദാന സെൽ നിരന്തരം പ്രവർത്തിച്ചു വരുന്നു. ഈ സെൽ മുഖേന വാർഷിക ക്യാമ്പുകൾക്ക് പുറമെ, വർഷംതോറും 200 യൂണിറ്റിൽ കുറയാത്ത രക്തദാന സേവനവും നടത്തി വരുന്നുണ്ട്. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ലിപിൻ പശുപതി (ചെയർമാൻ), നാസർ പൊന്നാനി (വൈസ് ചെയർമാൻ), ബിജി തോമസ് (കൺവീനർ), പി.എൻ.എം. റഫീഖ് (ജോയിന്റ് കൺവീനർ) എന്നിവരടങ്ങുന്നവരാണ് ഭാരവാഹികൾ.

കേളിയുടെയും കേളി കുടുംബവേദിയുടെയും പ്രവർത്തകർക്കു പുറമെ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മറ്റു രാജ്യങ്ങളിലെ പ്രവാസികളും സൗദി പൗരന്മാരും കേളിയുടെ രക്തദാന പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാറുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. രക്തദാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബിജി തോമസ് (0595687597), ലിപിൻ പശുപതി (0502243692) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

വാർത്താസമ്മേളനത്തിൽ കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ മധു ബാലുശ്ശേരി, സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി, കൺവീനർ ബിജി തോമസ് എന്നിവർ പങ്കെടുത്തു.

 

Related Articles

- Advertisement -spot_img

Latest Articles