തിരുവനന്തപുരം: കേരള തീരത്ത് താഴ്ന്ന പ്രദേശങ്ങളിൽ കള്ളക്കടൽ മൂലം വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് ഇൻകോയിസും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി. 26/09/2026 പുലർച്ചെ 02:30 മുതൽ 28/09/2026 പുലർച്ചെ 02:30 വരെയാണ് ജാഗ്രതാ നിർദ്ദേശം നിലവിലുള്ളത്. കേരള തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ സമയങ്ങളിൽ ഇവിടെ സന്ദർശിക്കുന്നതിൽ നിന്ന് ജനങ്ങൾ വിട്ട് നിൽക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. മൊബൈൽ ഫോണുകളിൽ നിർദേശം എസ് എം എസ് ആയി നൽകി വരുന്നുണ്ട്.
മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്ന നിര്‍ദേശവുമുണ്ട്.
സമുദ്രത്തിൽ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്തെത്തി വൻ തിരമാലകൾ ആയി മാറുന്നതാണ് കള്ളക്കടൽ പ്രതിഭാസം. കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയർന്നുപൊങ്ങും. അപ്രതീക്ഷിതമായി തിരകൾ അടിച്ചുകയറി തീരത്തെ കവർന്നെടുക്കുന്നതിനാലാണ് തീരദേശവാസികൾ ഈ പ്രതിഭാസത്തെ കള്ളക്കടൽ എന്നുവിളിക്കുന്നത്.



